തോട്ടംതൊഴിലാളിപ്രശ്‌നങ്ങള്‍ പരിഹരിക്കണം

ചായത്തോട്ടങ്ങളിലെ കൂലിവര്‍ധന സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന മൂന്നാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗവും തീരുമാനമില്ലാതെ പിരിഞ്ഞ സാഹചര്യത്തില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിന്റെ പാതയിലാണ്. തോട്ടമുടമകളും തൊഴിലാളികളും തങ്ങളുടെ ആവശ്യങ്ങളില്‍നിന്നു പിന്നോട്ടുമാറാന്‍ തയ്യാറായില്ല. വേതനവും ഉല്‍പ്പാദനക്ഷമതയും സംബന്ധമായ പഠനം നടത്തുന്നതിന് കമ്മീഷനെ നിയോഗിക്കാമെന്നും കമ്മീഷന്‍ റിപോര്‍ട്ട് നല്‍കുന്നതുവരെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍. ഇത് സ്വീകരിക്കാന്‍ യൂനിയനുകള്‍ തയ്യാറാവാതെ വന്നതോടെയാണ് ചര്‍ച്ച തകര്‍ന്നതെന്നാണു വാര്‍ത്ത.

തിരഞ്ഞെടുപ്പിനുശേഷം നവംബര്‍ ഒമ്പതു മുതല്‍ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കാമെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, ഇടക്കാലാശ്വാസ തുക ഉടനെ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ചത്.കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. അതു നല്‍കാനാവില്ലെന്ന നിലപാടില്‍ തോട്ടമുടമകളും ഉറച്ചുനില്‍ക്കുന്നു. മൂന്നാറില്‍ തൊഴിലാളി യൂനിയനുകളും നേതാക്കളും സ്വന്തം ദൗത്യവും ഉത്തരവാദിത്തവും വിസ്മരിച്ച് തോട്ടമുടമകളുടെ റാന്‍മൂളികളായി മാറിയപ്പോഴാണ് സ്ത്രീതൊഴിലാളികള്‍ നേരിട്ടു രംഗത്തിറങ്ങുന്ന അവസ്ഥയുണ്ടായത്.

ചില്ലറ ഔദാര്യങ്ങള്‍ പറ്റി സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന അവസ്ഥ ഇതോടെ മാറി. തൊഴിലാളികള്‍ ബോധവാന്മാരാണെന്നും തങ്ങളുടെ ചെയ്തികള്‍ ചോദ്യംചെയ്യപ്പെടുമെന്നും ബോധ്യമായതോടെയാണ് യൂനിയന്‍ നേതാക്കള്‍ സമരത്തില്‍ ഉറച്ചുനിന്നത്. മുമ്പ് യൂനിയനുകള്‍ ചര്‍ച്ചകളുടെ അവസാനം കമ്പനി ഉടമകളുമായി കൈകൊടുത്ത് ധാരണയില്‍ ഒപ്പുവച്ച് പുറത്തുവരുമായിരുന്നു. കാലം മാറി. പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഐതിഹാസികമായ പോരാട്ടം നടത്തിയ തൊഴിലാളിസ്ത്രീകള്‍ പുതിയ ചരിത്രമാണു രചിച്ചത്.  തോട്ടംതൊഴിലാളി നിയമം അനുസരിച്ചുള്ള മാന്യമായ ജീവിതസൗകര്യങ്ങളും ചികില്‍സാ-വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ലെന്നാണ് മൂന്നാറില്‍ സമരമുഖം തുറന്നതിനുശേഷം അവിടെയെത്തിയ മാധ്യമങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. തോട്ടംതൊഴിലാളികള്‍ക്ക് മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ചിരുന്നു.

തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിസ്സഹായരും നിരാലംബരുമായ തൊഴിലാളികള്‍, വിശേഷിച്ചും സ്ത്രീകള്‍ ഏറെ പ്രതീക്ഷകളോടെയാണ് മൂന്നാംവട്ട പി.എല്‍.സി. ചര്‍ച്ചകളുടെ ഫലം കാത്തിരുന്നത്. ചര്‍ച്ച പരാജയപ്പെട്ട വിവരമറിഞ്ഞ് മനംപൊട്ടിക്കരയുന്ന അവരുടെ മനസ്സ് കണ്ടറിയാന്‍ സര്‍ക്കാരിനു കഴിയണം. ന്യായമായ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിന് സഹായകമാവുന്ന നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍ പ്രശ്‌നത്തിന് അടിയന്തരമായി രമ്യമായ പരിഹാരം കണ്ടേ പറ്റൂ. തോട്ടമുടമകളുടെ വാശിക്കു മുമ്പില്‍ ഭരണകൂടം പതറിപ്പോവരുത്.
Next Story

RELATED STORIES

Share it