Gulf

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലോണ്‍ കുരുക്കാവുന്നു

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലോണ്‍ കുരുക്കാവുന്നു
X
dubai-labour

ദോഹ: പുതിയ സാഹചര്യത്തില്‍ ഖത്തറില്‍ ജോലി നഷ്ടപ്പെടുന്ന പലര്‍ക്കും ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂനിന്‍മേല്‍ കുരുവാകുന്നു. ലോണ്‍ അടവ് ബാക്കിയുള്ളവരുടെ ബാങ്ക് എക്കൗണ്ട് മരവിപ്പിക്കുന്നതിനാല്‍ നിത്യച്ചെലവിന് പോലും വകയില്ലാതെ നിരവധി പേരാണ് രാജ്യത്ത് കുരുങ്ങിക്കിടക്കുന്നത്.
എണ്ണവിലയിടിവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികളും കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന പശ്ചാത്തലത്തിലാണ് പൊടുന്നനെ ജോലി നഷ്ടപ്പെട്ടവര്‍ കുരുക്കിലായത്.
കൃത്യമായി ലോണ്‍ തിരിച്ചടച്ചു കൊണ്ടിരിക്കുന്നവരാണെങ്കില്‍ പോലും മുന്‍കരുതലെന്ന നിലയിലാണ് ബാങ്കുകള്‍ ജോലി നഷ്ടപ്പെടുന്നവരുടെ എക്കൗണ്ട് മുന്‍കൂട്ടി മരവിപ്പിക്കുന്നത്. ഇതു മൂലം അത്യാവശ്യ കാര്യത്തിന് പോലും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തവര്‍ നിരവധിയാണെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ലോണ്‍ തിരച്ചടക്കാന്‍ ബാക്കിയുള്ളവര്‍ക്ക് യാത്രാ നിരോധനവും ഉണ്ട്.
കമ്പനി നല്‍കിയ താമസ സ്ഥലത്ത് നിന്ന് ഇറങ്ങേണ്ട കാലാവധി തീരുന്നതോടെ പലരും തെരുവിലാവും. ലോണ്‍ അടവ് മുടങ്ങിയാല്‍ ജയിലില്‍ പോവേണ്ടി വരുമെന്ന് ഭയന്നു കഴിയുന്നവരും ഉണ്ട്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയും ഉള്ളത് മുഴുവന്‍ വിറ്റുപെറുക്കിയും ലോണ്‍ തിരിച്ചടക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് പലരും.
വാഷിങ് മെഷീനും ഫ്രിഡ്ജും ഒഴിച്ച് വീട്ടിലുള്ള മറ്റ് വസ്തുക്കള്‍ മുഴുവന്‍ വിറ്റു കഴിഞ്ഞതായി ഖത്തറിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സായിരുന്ന അമേരിക്കന്‍ സ്വദേശി ടിം റീബര്‍ ദോഹ ന്യൂസിനോട് പറഞ്ഞു. റീബറും സഹപ്രവര്‍ത്തകനായ കെന്നത്ത് പാറ്റണും 2014 ജനുവരിയിലാണ് നിലവിലുണ്ടായിരുന്ന ജോലി രാജി വച്ച് ഖത്തറിലെ ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്.
എന്നാല്‍, ചില സാങ്കേതിക കാരണങ്ങള്‍ മൂലം ആശുപത്രി അധികൃതര്‍ ഇവരുടെ ജോലി ആരംഭിക്കുന്നത് മേയിലേക്ക് നീട്ടി. അതുവരെ കാര്യങ്ങള്‍ മൂന്നോട്ട് നീക്കുന്നതിന് ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് ലോണ്‍ എടുക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കി നല്‍കിയിരുന്നു.
അമേരിക്കയിലുള്ള കടം തീര്‍ക്കാനും ഇവിടെ കാറും ഫര്‍ണീച്ചറും വാങ്ങുന്നതിനും മൂന്ന് ലക്ഷം റിയാല്‍ വീതമാണ് ഇരുവരും ഖത്തറിലെ പ്രമുഖ ബാങ്കില്‍ നിന്ന് കടമെടുത്തത്. ഇതില്‍ 1,20,000 റിയാല്‍ ഇതിനകം തിരച്ചടച്ചു.
സുരക്ഷിതമായ ജോലി എന്ന നിലയിലാണ് ഇത്രയും തുക ലോണ്‍ എടുത്തതെന്ന് ഇരുവരും പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് മറ്റ് ആയിരത്തോളം പേരോടൊപ്പം ഇരുവരെയും പിരിച്ചുവിടുന്നതായി സ്ഥാപനം അറിയിച്ചത്.
മാര്‍ച്ച് 25വരെ ഇവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പ് തന്നെ ബാങ്ക് ഇവരുടെ എക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. ഇരുവരും ലോണ്‍ തിരിച്ചടക്കുന്നതിനുള്ള തുക ശേഖരിക്കുന്നതിന് ഫെയ്‌സ് ബുക്കില്‍ പേജ് ആരംഭിച്ചിരിക്കുകയാണിപ്പോള്‍.
മറ്റ് നിരവധി പേര്‍ സമാനമായ അവസ്ഥയിലുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പ്രമുഖ പെട്രോളിയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചവിടപ്പെട്ട 20ഓളം പേര്‍ സഹായം തേടിയതായി ഫിലിപ്പീന്‍ എംബസി ഈയിടെ അറിയിച്ചിരുന്നു.
ഖത്തറില്‍ ലോണ്‍ ലഭിക്കുക എളുപ്പമായതിനാല്‍ നിരവധി പേര്‍ ഈ കെണിയില്‍ കുടുങ്ങുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ലോണ്‍ തിരിച്ചടക്കാനുള്ള മാര്‍ഗം മുന്നില്‍ കാണാതെ വലിയ തുക ലോണ്‍ എടുക്കാന്‍ മുതിരരുതെന്ന് ഫിലിപ്പീന്‍ എംബസി വൃത്തങ്ങള്‍ ഉപദേശിച്ചു.
Next Story

RELATED STORIES

Share it