തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്യണം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്യാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വരള്‍ച്ചബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വേതനവിതരണം വൈകിയതിനു നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വരള്‍ച്ച ബാധിച്ച 12 സംസ്ഥാനങ്ങള്‍ക്ക് അധികൃതര്‍ മതിയായ സഹായം നല്‍കിയില്ലെന്നു കാട്ടി ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ എം ബി ലോകൂര്‍, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ സര്‍ക്കാരിന് പുകമറയ്ക്കു പിന്നില്‍ ഒളിച്ചിരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രത്യേകിച്ച് വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാനങ്ങള്‍ കമ്മീഷണര്‍മാരെ നിയമിക്കണം.
വരള്‍ച്ചയെ തുടര്‍ന്ന് വിളനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയമാനുസൃതമായ കേന്ദ്ര തൊഴിലുറപ്പു സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കുകയില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ല. സംസ്ഥാനങ്ങളടക്കമുള്ള എല്ലാവര്‍ക്കും നിയമം ബാധകമാണ്.
വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ വേനല്‍കാലത്തും ഉച്ചഭക്ഷണ വിതരണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നു വിലയിരുത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. എന്നാല്‍, ഹരജി തള്ളുന്നില്ലെന്നും ആഗസ്ത് ഒന്നിന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it