malappuram local

തൊഴിലുറപ്പ് പദ്ധതിയില്‍ 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി

മലപ്പുറം: 2015-16ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,771 പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഇ അഹമ്മദ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത 14,187 പ്രവൃത്തികളില്‍ 1,416 എണ്ണം പൂര്‍ത്തിയായി. 3,029 പേര്‍ 100 ദിനം പൂര്‍ത്തിയാക്കി. 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു.
ഇന്ദിരാ ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ വരെ 15 ബ്ലോക്കുകളിലായി 5,971 വീടുകള്‍ക്ക് അനുമതി നല്‍കി. 3,929 വീടുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ 113 പ്രവൃത്തികളിലായി 294.41 ദൈര്‍ഘ്യത്തില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയിലുള്‍പ്പെടുത്തി 7,850 എപിഎല്‍ കുടുംബങ്ങള്‍ക്കും 67,171 ബിപിഎല്‍. കുടുംബങ്ങള്‍ക്കും 608 സ്‌കൂളുകള്‍ക്കും 313 അങ്കണവാടികള്‍ക്കും കക്കൂസ് അനുവദിച്ചു. റവന്യൂ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ കുടുംബ സഹായ പദ്ധതിയില്‍ 129.10 ലക്ഷം ചെലവഴിച്ചു.
കുടുംബത്തിന്റെ ഗൃഹനാഥന്‍ മരിച്ചതുമൂലം നിരാലംബരായ 649 കുടുംബങ്ങള്‍ക്ക് ധനസഹായം തുണയായി. രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുത് യോജന (ആര്‍ജിവിവൈ) പ്രകാരം 11 കെവി ലൈന്‍, 25 കെവി ട്രാന്‍സ്‌ഫോമര്‍, എല്‍ടി ത്രീ ഫേസ്- സിങ്കിള്‍ ഫേസ് ലൈനുകള്‍, ബിപിഎല്‍ വൈദ്യുതി കണക്ഷനുകള്‍, എന്നിവയുള്‍പ്പെടെ 10,360 പ്രവൃത്തികള്‍ വൈദ്യുതി വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാറാരോഗം ബാധിച്ച് കിടപ്പിലായ 12,266 രോഗികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെ നടപ്പാക്കുന്ന സമഗ്ര പാലിയെറ്റീവ് പരിചരണ പദ്ധതി (പരിരക്ഷ) പ്രകാരം വീടുകളിലെത്തി പരിചരണം നല്‍കുന്നതായും യോഗം വിലയിരുത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ഡി ഫിലിപ്പ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി പി ഹൈദരാലി സംസാരിച്ചു.
Next Story

RELATED STORIES

Share it