Idukki local

തൊഴിലുറപ്പുകാര്‍ക്ക് വേതനം ലഭിക്കാന്‍ ജനപ്രതിനിധികളുടെ സത്യഗ്രഹം

മൂന്നാര്‍: ഏഴുമാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ സത്യാഗ്രഹ സമരം നടത്തി.
വട്ടവട പഞ്ചായത്തിലെ ഭരണ പ്രതിപക്ഷത്തിലെ 13 അംഗങ്ങളാണ് പഞ്ചായത്ത് മൈതാനിയില്‍ സത്യഗ്രഹമിരുന്നത്. 86,000 തൊഴില്‍ ദിനങ്ങളിലായി 39 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്.
ശമ്പളം ലഭിക്കാതതെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായതോടെയാണു സമരത്തിലേക്ക് നീങ്ങാന്‍ പഞ്ചായത്ത് അംഗങ്ങള്‍ തീരുമാനിച്ചത്.
സമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 ന് മുമ്പു തുക ലഭിക്കാത്ത പക്ഷം ഇടുക്കി കലക്ടറേറ്റ് പടിക്കലും തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലും സമരം നടത്താനാണ് നീക്കം.
കട്ടപ്പന: തൊഴിലുറപ്പ് കൂലി നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഇരട്ടയാര്‍, പാമ്പാടുംപാറ എന്നീ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല്‍ ധര്‍ണ നടത്തി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി അധ്യക്ഷത വഹിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ജോസുകുട്ടി, രാധാകൃഷ്ണപിള്ള, ജോസ് അമ്മന്‍ചേരി, ജോസുകുട്ടി അരീപ്പറമ്പില്‍, സുധാ മോഹനന്‍, സാലി തൊട്ടിയില്‍, ലാലച്ചന്‍ വള്ളക്കട, മാത്യു തോമസ്, ആരിഫ അയൂബ് സംസാരിച്ചു.
ഇരട്ടയാര്‍ പഞ്ചായത്തില്‍ ആറുമാസമായും പാമ്പാടുംപാറയില്‍ നാലുമാസമായും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. ഈ വരുമാനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയാണ്.
പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് ഇരു പഞ്ചായത്ത് ഭരണസമിതികളുടെയും തീരുമാനം.
തൊഴിലുറപ്പ് കൂലി ലഭ്യമാകുന്നതിനൊപ്പം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇരട്ടയാ ര്‍ ഭരണസമിതിയുടെ സമരം.
Next Story

RELATED STORIES

Share it