Idukki

തൊഴിലാളികള്‍ ദേശീയപാത ഉപരോധം ആരംഭിച്ചു

ഇടുക്കി: ഹാരിസണ്‍ കമ്പനിയിലെ തൊഴിലാളികള്‍ രണ്ട് ആഴ്ചയായി നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയപാത ഉപരോധം ആരംഭിച്ചു. 20 ശതമാനം  ബോണസ് നല്‍കുക, ശമ്പളം 500 ആയി വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പെരിയകനാല്‍ ഫാക്ടറിക്കു മുമ്പില്‍ ആരംഭിച്ച സമരം മൂന്നുവട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണു ദേശീയപാത ഉപരോധത്തിനു തൊഴിലാളികള്‍ നിര്‍ബന്ധിതരായത്. മൂന്നാറില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ ആവേശം എച്ച്.എം.സി കമ്പനി തൊഴിലാളികളിലേയ്ക്കും പടരുകയായിരുന്നു.

എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നീ തൊഴിലാളി സംഘടനകളുടെ  നേതൃത്വത്തിലാണ് എച്ച്എം.എല്‍ കമ്പനിയിലെ പന്നിയാര്‍, ആനയിറങ്കല്‍, പൂപ്പാറ ഡിവിഷനിലെ തൊഴിലാളികളും ഏലത്തോട്ടം തൊഴിലാളികളും ചേര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും മൂന്നാര്‍-കുമളി  സംസ്ഥാന പാതയും സംഗമിക്കുന്ന പൂപ്പാറയില്‍ ഉപരോധം ആരംഭിച്ചത്.രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധം ഉച്ചക്ക് ഒന്നിന് സമാപിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ അനിശ്ചിത കാല ഉപരോധം ഐക്യട്രേഡ് യൂനിയനുകളുടെ സഹായത്തോടെ സമരം തുടരാനാണ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഉപരോധ സമരം ആരംഭിച്ചതോടെ ജനജീവിതം ദുസ്സഹമായി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രവര്‍ത്തകര്‍ തടഞ്ഞതോടെ മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്കുള്ള വാഹനങ്ങളും മൂന്നാര്‍, കുമളി, തേക്കടി വിനോദ സഞ്ചാരികളുടെ വാഹനങ്ങളും പ്രവര്‍ത്തകര്‍ തടഞ്ഞു. ഉപരോധ സമരം ഒന്നിന് അവസാനിക്കുന്നതു വരെ യാത്രക്കാര്‍ കാത്തിരുന്ന് വലഞ്ഞു. സമാധാനപരമായി നടന്ന റോഡ് ഉപരോധം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ തുടരുമെന്ന് ഐക്യട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it