തൊഴിലാളികള്‍ക്ക് പ്രാതിനിധ്യമില്ല; ദേശീയ മല്‍സ്യനയം കേരളത്തിന് തിരിച്ചടിയാവുമെന്ന് ആശങ്ക

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: ദേശീയ മല്‍സ്യനയം രൂപീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ സമീപനത്തിനെതിരേ മല്‍സ്യത്തൊഴിലാളി സംഘടനകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുയരുന്നു. മല്‍സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഉന്നതതല സമിതിയുടെ നീക്കം സംശയകരമാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
നയം രൂപീകരിക്കുന്നതിനായി വിദഗ്ധസമിതി തയ്യാറാക്കിയ 85 ചോദ്യങ്ങള്‍ക്ക് അതേ/അല്ല എന്ന രീതിയില്‍ തൊഴിലാളികളോട് അഭിപ്രായം രേഖപ്പെടുത്താനാണ് ഉന്നതതല സമിതി നിര്‍ദേശിക്കുന്നത്. സാധാരണ നിലയില്‍ സര്‍ക്കാര്‍ നയം തീരുമാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കരട് അയച്ചുകൊടുക്കുകയും ചര്‍ച്ചയിലുടെ സമവായത്തിലെത്തുകയുമാണ് രീതി. എന്നാല്‍, തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ചോദ്യാവലിയില്‍ മല്‍സ്യമേഖലയിലെ പ്രധാന പ്രതിസന്ധികളെ അവഗണിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കല്‍, തൊഴിലാളികള്‍ക്ക് പരിരക്ഷ, ഇന്ധന സബ്‌സിഡി തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യാവലിയില്‍ പരാമര്‍ശമില്ല. തീരപ്രദേശത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ തൊഴിലിടം നഷ്ടപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ഗ്രാമീണ തൊഴില്‍സ്രോതസ്സായ ഉള്‍നാടന്‍ മല്‍സ്യമേഖലയെയും ഉള്‍പ്പെടുത്തി സമഗ്ര നയത്തിനും പുതിയ സമിതി മുന്‍ഗണന നല്‍കുന്നില്ല. കമ്മിറ്റിയില്‍ മല്‍സ്യമേഖലയുടെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരേ ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യുനിയനും സമരപരിപാടികള്‍ക്കു തുടക്കംകുറിച്ചു. ഉപജീവനത്തെയും തൊഴില്‍ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന പുതിയ നിര്‍ദേശങ്ങളെ ശക്തമായി നേരിടാനാണ് മല്‍സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം.
Next Story

RELATED STORIES

Share it