wayanad local

തൊഴിലാളികളുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി ശശീന്ദ്രന്‍

മേപ്പാടി: തോട്ടം മേഖലയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്‍. തോട്ടം വ്യവസായം നല്‍കുന്ന തങ്ങളുടെ ദുരിതജീവിതത്തിന് അറുതിവരാന്‍ സി കെ ശശീന്ദ്രന് എല്ലാവിധ പിന്തുണയും തൊഴിലാളികള്‍ ഉറപ്പു നല്‍കി. ചുട്ടുപഴുക്കുന്ന വെയിലിലും കുറഞ്ഞ കൂലി വാങ്ങി ജോലി ചെയ്യേണ്ട അവസ്ഥയാണ് തേയിലത്തോട്ടങ്ങളിലെല്ലാം. നിലവില്‍ അനുവദിച്ച കൂലി പോലുംതോട്ടം ഉടമകള്‍ കുറയ്ക്കുകയാണ്.
ബോണസ് ഇതുവരെയും അനുവദിച്ചിട്ടില്ല. പാടികള്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. ജീവഭയത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇതിനെല്ലാം അറുതി വേണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടു. താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന നല്‍കുന്നതു തോട്ടംതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കുമെന്ന് ശശീന്ദ്രന്‍ ഉറപ്പുനല്‍കി.
ഇന്നത്തെ അവസ്ഥയില്‍ നിന്നു തോട്ടംതൊഴിലാളികളെ മാറ്റേണ്ടത് അത്യാവശ്യമാണ്. മിനിമം കൂലി 500 രൂപയെന്ന് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുകയും കുറഞ്ഞത് 1,000 രൂപയാക്കും. പാടികളില്‍ നിന്നു തൊഴിലാളികള്‍ക്ക് സുരക്ഷിതമായ വീടുകളില്‍ താമസസൗകര്യം ഒരുക്കും. ഇത്തരത്തില്‍ തോട്ടം തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്ക് എല്‍ഡിഎഫും താനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ശശീന്ദ്രന്‍ ഉറപ്പു നല്‍കി. ചുളിക്ക എസ്‌റ്റേറ്റില്‍ കാട്ടാനയുടെ അക്രമത്തില്‍ തൊഴിലാളിയായ മണി കൊല്ലപ്പെട്ട സ്ഥലത്താണ് ശശീന്ദ്രന്‍ ഇന്നലെ രാവിലെ പോയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയ ശേഷം ചെമ്പ്ര എസ്‌റ്റേറ്റിലേക്ക് പോയി. ചെമ്പ്ര ഡിവിഷനില്‍ ദേവിരയക്ക പൂക്കള്‍ നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. എസ്‌റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലെ തൊഴിലാളികളോടും ശശീന്ദ്രന്‍ സംസാരിച്ചു. എല്ലാവിധ പിന്തുണയും മൂന്ന് ഡിവഷനുകളിലെ തൊഴിലാളികളും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കടൂര എസ്‌റ്റേറ്റിലേക്കാണ് പോയത്. മുഴുവന്‍ തൊഴിലാളികളും ശശീന്ദ്രനെ ശ്രവിക്കാന്‍ ചുറ്റും കൂടി നിന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. ഈ
തിരഞ്ഞെടുപ്പില്‍ ശശീന്ദ്രന്‍ വിജയിക്കുമെന്ന് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. തുടര്‍ന്ന് മേപ്പാടി ടൗണിലെ വ്യാപാരികളോടും യാത്രക്കാരോടും വോട്ടഭ്യര്‍ഥിച്ചു. പി എ മുഹമ്മദ്, വി പി ശങ്കരന്‍നമ്പയാര്‍, കെ വിനോദ്, പി കെ മൂര്‍ത്തി, എ ബാലചന്ദ്രന്‍, കെ ടി ബാലകൃഷ്ണന്‍, സി സഹദേവന്‍, ചന്തക്കുന്ന് നജീബ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it