തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഉത്തേജകമായ നടപടിയെടുക്കുന്നതില്‍ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബിജെപി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന മേഖലകളാണ് ഇവ. ഈ മേഖലകളുടെ പുനരുദ്ധാരണത്തിനായി ബജറ്റില്‍ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് കമല്‍നാഥ് കുറ്റപ്പെടുത്തി. കാലങ്ങള്‍ കാത്തിരുന്നാലേ ബജറ്റിന്റെ ഫലം എന്താണെന്ന് വ്യക്തമാവൂ.
ജനങ്ങളുടെ കൈയില്‍ പെട്ടെന്ന് പണം കിട്ടുന്നതോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോ ആയ നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നും കമല്‍നാഥ് പ്രതികരിച്ചു. ബജറ്റില്‍ പുതുതായി ഒരു നിര്‍ദേശവും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. സെന്‍ട്രല്‍ ബാങ്കിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ മാന്ദ്യത്തിലേക്കു നയിക്കുമെന്നും തിവാരി അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം വെറും പ്രതിമാസ മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നും രാജ്യത്തിന് സ്ഥിരമായ യാതൊന്നും അവ നല്‍കുന്നില്ലെന്നും സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി.
തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ പോലെയുള്ള വന്‍ പദ്ധതികളും മറ്റു പ്രഖ്യാപനങ്ങളും വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നും അവ ഒന്നുംതന്നെ കൊണ്ടുവരുന്നില്ലെന്നും പനജിയില്‍ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.
സാധാരണക്കാര്‍ക്ക് ഇതില്‍ ഒന്നും തന്നെയില്ല. പദ്ധതികളൊന്നും യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ല. നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരുകയാണ്. വ്യാവസായിക ഉല്‍പാദന നിരക്ക് 2.2 ശതമാനമായി കുറഞ്ഞു. നിര്‍മാണ മേഖലയിലെ ഇടിവ് 13.3 ശതമാനമാണ്.
യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖല നിശ്ചലമാണെന്നും ജോലി സാധ്യതകള്‍ കുറഞ്ഞുവരുകയാണെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കുറയുമ്പോഴും സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. എന്നാല്‍, നാലു പ്രാവശ്യമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തിയത്. കേന്ദ്രം ശേഖരിക്കുന്ന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ പൊതു ബജറ്റ് പൊള്ളയാണെന്ന് ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് വ്യക്തമാക്കി. നികുതി വര്‍ധന സാധാരണക്കാര്‍ക്ക് അധിക ഭാരം വരുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിന് ദിശാബോധമില്ലെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിശ്ര വിമര്‍ശിച്ചു. വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റില്‍ രാജ്യത്തെ കള്ളപ്പണം വെളിപ്പെടുത്താന്‍ നാല് മാസം അനുവദിച്ച മോദി വഞ്ചനയും കളവും പറയുന്ന മന്ദബുദ്ധിയായ വിദ്യാര്‍ഥിയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത ഒരു കാര്യവും ബജറ്റിലില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം കണ്ടെത്തുന്നതിനു പകരം കരിഞ്ചന്തക്കാര്‍ക്കും മുതലാളിമാര്‍ക്കും ഇളവു നല്‍കുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it