wayanad local

തൊണ്ടര്‍നാട് ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരേ നാട്ടുകാര്‍

മാനന്തവാടി: തൊണ്ടര്‍നാട് ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ നടത്തുന്ന സമരം ശക്തമാവുന്നു. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ക്വാറി ഉടമ പിഡബ്ല്യുഡി സ്ഥലം കൈയേറി നിര്‍മിച്ച റോഡ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ഇതിനിടെ, പഞ്ചായത്ത് അനുമതിയില്ലാതെ ക്രഷറിനോട് ചേര്‍ന്ന് നിര്‍മിച്ച ടാര്‍ മിക്‌സിങ് പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ക്രഷര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി. വന്‍ പാരിസ്ഥിതികാഘാതങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്ന പ്ലാന്റ് അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമെന്നു കസ്തൂരിരംഗന്‍ കമ്മിറ്റി കണ്ടെത്തിയ തൊണ്ടര്‍നാട് വില്ലേജില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രണ്ടാഴ്ച മുമ്പ് വില്ലേജ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. രണ്ടാംഘട്ടമെന്ന നിലയിലാണ് ഇന്നലെ സ്വകാര്യ വ്യക്തിയുടെ ക്രഷറിലേക്കുള്ള റോഡ് ഉപരോധിച്ചത്. കോറോം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസിനോട് അനുബന്ധിച്ച് പിഡബ്ല്യുഡിയുടെ അനുമതി വാങ്ങാതെ സ്ഥലം കൈയേറിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാറി ഉടമ റോഡ് വെട്ടിയത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്.
പിന്നീട് ഈ റോഡ് പലപ്പോഴായി വീതികൂട്ടിയും ടാറിങ് ഉള്‍പ്പെടെ നടത്തി വ്യാവസാടികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലേക്കുള്ള വഴിയാക്കി മാറ്റുകയുമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പിഡബ്ല്യുഡിയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്ത് കമ്പിവേലി സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇയാളെ സ്ഥലംമാറ്റുകയാണുണ്ടായത്. നിലവില്‍ നാട്ടുകാരെ മുഴുവന്‍ വെല്ലുവിളിച്ച് കോടതി ഉത്തരവോടെ ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി സമരരംഗത്തെത്തിയത്.
ഇതിനിടെ, പഞ്ചായത്ത് ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ക്രഷറിനോടനുബന്ധിച്ച് ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാനായി സ്ഥലത്തെത്തിച്ച മെഷിനറികള്‍ ഒരാഴ്ചയ്ക്കകം നീക്കംചെയ്യണമെന്നു തൊണ്ടര്‍നാട് പഞ്ചായത്ത് ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. അല്ലാത്തപക്ഷം കരിങ്കല്‍ ക്വാറിയുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഉപരോധ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അധ്യക്ഷത വഹിച്ചു. എ സി ഹാഷിം, വി അയൂബ്, പടയന്‍ അബ്ദുല്ല, വി സി സലീം, രവീന്ദ്രന്‍, കേശവന്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it