തൊട്ടുകൂടായ്മയ്മക്കെതിരേയുള്ള ദ്രാവിഡന്റെ പ്രതിഷേധം; വടക്കേ മലബാറില്‍ തെയ്യാട്ടക്കാലം

എ പി വിനോദ്

കാഞ്ഞങ്ങാട്: തുലാം പത്തു കഴിഞ്ഞു, ഇനി വടക്കേ മലബാറിലെ രാത്രികളില്‍ ചെണ്ടയുടെ ചടുല താളത്തിനൊപ്പം തെയ്യങ്ങള്‍ നിറഞ്ഞാടും. ഭക്തര്‍ക്ക് പ്രതീക്ഷകളും അനുഗ്രഹങ്ങളുമായി തെയ്യങ്ങള്‍ കാവുകളിലും തറവാട്ടു മുറ്റങ്ങളിലും നൃത്തംവയ്ക്കും. ദുഃഖം അകറ്റാനും വ്യാധി മാറ്റാനും വടക്കേ മലബാറില്‍ തെയ്യങ്ങളുടെ അനുഗ്രഹം വേണം. കാവുകളിലേക്കും തറവാട്ടു ക്ഷേത്രങ്ങളിലേക്കും ഭക്തരെത്തി തെയ്യങ്ങളെ നേരിട്ടുകണ്ട് അനുഗ്രഹം വാങ്ങും.
തുലാം പത്തു മുതലാണ് തെയ്യാട്ടത്തിന്റെ കാലം. ഇടവ മാസത്തോടെ വിടവാങ്ങുന്ന തെയ്യങ്ങള്‍ തുലാം പത്തു മുതലാണ് വീണ്ടും അരങ്ങിലെത്തുക. ജാതി വ്യവസ്ഥയ്ക്കും അനീതിക്കുമെതിരേ പോരാടി വീരമൃത്യു മരിച്ചവരാണു തെയ്യങ്ങള്‍. വിശ്വാസങ്ങളെ വര്‍ണാശ്രമത്തിന്റെ മതില്‍കെട്ടില്‍ തളച്ചിട്ട കാലത്ത് ദ്രാവിഡന്റെ പ്രതിഷേധമായി അവതരിച്ചതാണ് തെയ്യങ്ങള്‍.
തൊട്ടുകൂടായ്മയും തീണ്ടലുമുണ്ടായ കാലഘട്ടത്തില്‍ എല്ലാ ഭക്തരെയും അനുഗ്രഹിക്കാന്‍ ഉയിര്‍കൊണ്ട തെയ്യങ്ങള്‍ വടക്കേ മലബാറിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിവിധ ജാതികളില്‍ പെട്ടവര്‍ക്ക് പ്രത്യേകം പ്രത്യേകം തെയ്യങ്ങളുണ്ട്. അമ്മ തെയ്യങ്ങളും മാപ്പിള തെയ്യങ്ങളും പടവീരന്‍മാരായ തെയ്യങ്ങളും മതസൗഹാദ്ദങ്ങളുടെ വേദികൂടിയാണ്. ഷഡാധാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ഭിന്നമായി ആത്മ പ്രതിഷ്ഠയാണ് തെയ്യങ്ങളുടേത്. തെയ്യംകെട്ടി കണ്ണാടിയില്‍ നോക്കി ഉറഞ്ഞുതുള്ളുമ്പോള്‍ തെയ്യംകെട്ടുന്ന ആളിലേക്ക് ദൈവചൈതന്യം വന്നെത്തുമെന്നാണു വിശ്വാസം. വിത്തു വിതയ്ക്കാനും കൊയ്യാനും സംരക്ഷിക്കാനുമെല്ലാം ഇവിടെ തെയ്യ സാന്നിധ്യമുണ്ട്.
മലയന്‍, വണ്ണാന്‍, പുലയന്‍, കോപ്പാളന്‍ കെട്ടുന്ന തെയ്യങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ നാനാ ജാതി മതസ്ഥരും വന്നെത്തും. ഇത് മലബാറിന്റെ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രതീകം കൂടിയാണ്. നീലേശ്വരം വീരര്‍ കാവിലും ആയന്നൂര്‍ ആക്കോ കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും അരയി ക്ഷേത്രത്തിലുമൊക്കെയാണ് തുലാം പത്തിന് തെയ്യാട്ടങ്ങള്‍ ആരംഭിക്കുക.
Next Story

RELATED STORIES

Share it