thrissur local

തൊട്ടാപ്പ് സുനാമി കോളനിയിലെ വീടുകള്‍  വാടകയ്ക്ക് നല്‍കുന്നത് തുടരുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിലെ സുനാമി കോളനിയില്‍ വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ ഒഴിപ്പിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പായില്ല. സുനാമി കോളനിയില്‍ ഇപ്പോഴും വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് തുടരുന്നു. കോളനിയിലെ നിരവധി വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയെ തുടര്‍ന്ന് മുമ്പ് ജില്ലാ കലക്ടറായിരുന്ന എം എസ് ജയയാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ ഒഴിപ്പിക്കാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നത്.
ഇവിടെ താമസിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാനും സര്‍ക്കാര്‍ അനുവദിച്ച സുനാമി വീടുകളില്‍ അര്‍ഹരല്ലാത്തവര്‍ താമസിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തഹസില്‍ദാര്‍ വി എ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സുനാമി കോളനിയിലെത്തി അന്വേഷണം നടത്തിയതോടെ കോളനിയില്‍ 50ഓളം വീട്ടുകാര്‍ വാടകക്ക് താമസിക്കുന്നതായി തെളിഞ്ഞു.
ഇക്കാര്യം കോളനി നിവാസികള്‍ തന്നേയാണ് തഹസില്‍ദാറോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരായി തുടര്‍നടപടിയൊന്നും ഉണ്ടായില്ല. അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരിലാണ് സുനാമി കോളനിയില്‍ വീടുകള്‍ ലഭിച്ചവര്‍ തങ്ങളുടെ പഴയ വീടുകളിലേക്ക് താമസം മാറി കോളനിയിലെ വീടുകള്‍ 10,000 രൂപ മുന്‍കൂറും മാസത്തില്‍ 2,500 രൂപ വീതം വാങ്ങിയും വാടകയ്ക്ക് നല്‍കുന്നത്. ജനപ്രതിനിധികളാണ് ഇതിന് ഇടനിലക്കാരായി നില്‍ക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചത് ഇവിടെയായിരുന്നു.
7.14 ഏക്കര്‍ ഭൂമിയെ നാലു സെന്റ് ഭൂമിയാക്കി തിരിച്ച് 224 വീടുകള്‍ ഇവിടെ പണി പൂര്‍ത്തീകരിച്ചെങ്കിലും 167 വീടുകളിലാണ് ഇപ്പോള്‍ താമസക്കാരുള്ളത്. ഒരു വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയായിരുന്നു ചെലവ്. കോടികള്‍ ചെലവിട്ട് വീടുകള്‍ നിര്‍മിക്കുമ്പോഴും ഇവര്‍ക്കാവശ്യമായ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നില്ല. വീടുകളില്‍ നിന്നുള്ള മാലിന്യം സംസ്‌ക്കരിക്കാന്‍ ഇടമില്ലാത്തതു മൂലം ഇവിടെ പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതും മലിന ജലം ഒഴുകി പോവാന്‍ സൗകര്യമില്ലാത്തതുമാണ് പകര്‍ച്ചവ്യാധി ഭീഷണിക്ക് പ്രധാന കാരണമായിട്ടുള്ളത്. കൊതുകു ശല്യം രൂക്ഷമായതും നിവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്.
കോളനിയിലെ കുടുംബങ്ങള്‍ക്കായി കുടിവെള്ള വിതരണ ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില സമയങ്ങളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നുള്ളൂവെന്ന് നിവാസികള്‍ പറയുന്നു. മിക്ക സമയങ്ങളില്‍ പൈപ്പിലൂടെ മലിന ജലമാണ് ല—ഭിക്കുന്നത്. കൂടാതെ സുനാമി കോളനിയില്‍ കഞ്ചാവ് മാഫിയാ സംഘങ്ങളും പിടിമുറുക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് എക്‌സൈസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സുനാമി കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും കോളനിയിലെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനെതിരേ നടപടിയെടുക്കണെമന്നുമുള്ള ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it