Idukki local

തൊടുപുഴയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; കുമാരമംഗലം പഞ്ചായത്തില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി

തൊടുപുഴ: തൊടുപുഴ മേകലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുന്നു. കുമാരമംഗലം പഞ്ചായത്തില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വണ്ണപ്പുറം, കോടിക്കുളം, തൊടുപുഴ മേഖലകളില്‍ ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെ പേര്‍ അടുത്തിടെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ബോധവല്‍കരണവുമായി രംഗത്തെത്തി.
ബോധവല്‍ക്കരണം ശക്തമാക്കുന്നതോടെപ്പം പരിസര ശുചിത്വത്തില്‍ വിട്ടു വിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാല്‍ പകര്‍ച്ച വ്യാധികളെ അകറ്റാനാവും.സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത് തലത്തില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ കാര്യ ക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാണ്. പഞ്ചായത്ത് തലത്തില്‍ സമഗ്ര ആരോഗ്യ സംരക്ഷണത്തിന് വീട്ടുമുറ്റ ആരോഗ്യ കൂട്ടായ്മ വരുന്നു.
ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് വീട്ടുമുറ്റ ആരോഗ്യ സഭ നിലവില്‍ വന്നു. വാര്‍ഡ് സഭയുടെയും, ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തനം. കുടുംബാഗങ്ങളുടെ സാമൂഹിക വിവര ശേഖരണം, ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍, അവലോകന യോഗങ്ങള്‍, വീട്ടുമുറ്റ ആരോഗ്യ ക്ലാസ്, തുടര്‍സന്ദര്‍ശനങ്ങള്‍ എന്നിവയാണ് പദ്ധതി.
ആദ്യ ഘട്ടത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണം, സാമൂഹിക ശുചിത്വം എന്നിവക്ക് പ്രാധാന്യം നല്‍കും. ആരോഗ്യ സഭയിലെ കുടുംബങ്ങളിലെ ഖരജലമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക് സംസ്‌ക്കരണം, കൊതുകിന്റെ ഉറവിട നശീകരണം എന്നിവയില്‍ പങ്കാളിയാകും. അയല്‍ വീട് സന്ദര്‍ശനത്തിന് എല്ലാവരും തയ്യാറാകുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് സാമൂഹിക പിന്തുണ ഉറപ്പിക്കലാണ് ലക്ഷ്യം.
24ന് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടെ വീട്ടുമുറ്റ ആരോഗ്യ കുട്ടായ്മയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. ഇതിനോടനുബന്ധിച്ച് ജീവിതശൈലീ രോഗനിയന്ത്രണം, കൗമാര ആരോഗ്യം, പെരുമാറ്റ വ്യതിയാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിഷ രഹിത പച്ചക്കറി വ്യാപനം, മദ്യപാനം, പുകവലി എന്നിവയുടെ നിര്‍മാര്‍ജ്ജനം, കൗണ്‍സിലിങ്, നിയമ ബോധനം തുടങ്ങിയവയും സഭയില്‍ നടപ്പാക്കും.
Next Story

RELATED STORIES

Share it