Idukki local

തൊടുപുഴയിലെ നിരീക്ഷണ കാമറകള്‍ ഭൂരിപക്ഷവും നോക്കുകുത്തികള്‍

തൊടുപുഴ: നഗരത്തിലെ 45ലധികം നിരീക്ഷണ കാമറകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. 80 കാമറകളാണ് നഗരത്തിലുള്ളത്. എന്നാല്‍ പ്രവര്‍ത്തനം നിലച്ച ക്യാമറകളുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് സൂചന.നാള്‍ക്കു നാള്‍ ഓരോന്നായി പണിമുടക്കിക്കൊണ്ടിരിക്കുന്ന കാമറകളുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് പോലും നിശ്ചയമില്ലാതെ ആശങ്കയിലാണ് പോലിസും മുനിസിപ്പല്‍ അധികൃതരും. നഗരത്തില്‍ കാമറകള്‍ സ്ഥാപിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന സ്വകാര്യകമ്പനി നിലവില്‍ എവിടെയാണെന്ന് നഗരസഭാധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല. മുമ്പ് ആലുവയില്‍ ബോല്‍ എന്ന പേരുള്ള കമ്പനി പിന്നീട് മൈന്‍ഡ്‌സ്‌ട്രോം എന്ന പേരിലാണ് പ്രവര്‍ത്തനം. കാമറകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കണമെന്നും എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നുമാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ പലതവണ കത്തു നല്‍കിയെങ്കിലും ഇതിനും കമ്പനിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചിട്ടില്ല. നഗരത്തിലെ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിനുമായി 2013ലാണ് നഗരത്തിന്റെ പ്രധാന ജങ്ഷനുകളിലും നാല്‍ക്കവലകളിലും കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചത്. പോലിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇതിന് വേണ്ടി അമിത താല്‍പര്യം എടുത്തിരുന്നു. വ്യക്തമായ പഠനം കൂടാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും അന്നുതന്നെ വലിയ തോതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. 80 കാമറകളില്‍ 21 എണ്ണം നഗരസഭയുമായി കരാറിലാണ് കമ്പനി സ്ഥാപിച്ചത്. 10 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കാലയളവില്‍ കാമറകള്‍ക്ക് വരുന്ന അറ്റകുറ്റപ്പണികള്‍ ഇവര്‍ പരിഹരിക്കുമെന്നും പകരം കാമറകള്‍  സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളില്‍ പരസ്യം ചെയ്ത് പണം ഈടാക്കാമെന്നായിരുന്നു കമ്പനി നഗരസഭയുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍. എന്നാല്‍ ഇപ്പോള്‍ കമ്പനി യാതൊരുവിധത്തിലുള്ള സഹകരണവും നഗരസഭയുമായി  നടത്തുന്നില്ല. നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച കാമറകളില്‍ ആറെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.നഗരസഭ ഇവര്‍ക്ക് അയച്ച കത്തുകള്‍ അഡ്രസില്‍ ആളില്ലാത്തതിനാല്‍ തിരികെയെത്തി. കാമറ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പോലിസും നഗരസഭയും.അതേസമയം കാമറയില്ലാത്ത സ്ഥലം കണ്ടെത്തി സുരക്ഷിത ഇടപാടുകള്‍ നടത്തുകയാണ് കഞ്ചാവ്-മയക്കുമരുന്ന് കച്ചവടക്കാര്‍.
Next Story

RELATED STORIES

Share it