Kottayam Local

തേവരുപാറ ഡംപിങ് യാര്‍ഡില്‍ വന്‍ അഗ്നിബാധ; അഞ്ചേക്കര്‍ റബര്‍തോട്ടം കത്തിനശിച്ചു

ഈരാറ്റുപേട്ട: നഗരസഭയുടെ തേവരുപാറയിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നുള്ള അഗ്നിബാധയില്‍ സമീപത്തെ അഞ്ചേക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നാശമുണ്ടായതായി സ്ഥലമുടമകള്‍ പറഞ്ഞു.
ഡംപിങ് യാര്‍ഡില്‍ നിന്നും പടര്‍ന്ന തീ തിങ്കളാഴ്ച വൈകീട്ട് ആറോടെ സമീപത്തെ റബര്‍ തോട്ടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കടുത്ത വേനലും പ്രദേശത്ത് നിലനില്‍ക്കുന്ന കാറ്റും അഗ്നി പടരാന്‍ കാരണമായി. തലനാട് വാസു, ഈരാറ്റുുപേട്ട പുതുപ്പറമ്പില്‍ ഷഫീഖ്, കണ്ടത്തില്‍ അബ്ദുല്‍ കരീം, പുതുപ്പറമ്പില്‍ റഷീദ്, ഷറഫുദ്ദീന്‍ എന്നിവരുടെ കൃഷിഭൂമിയിലെ റബര്‍ മരങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളാണ് അഗ്നിക്കിരയായത്. പുതുപ്പറമ്പില്‍ റഷീദിന്റെ വസ്തുവിലുള്ള കെട്ടിടവും അഗ്നിയില്‍ നശിച്ചു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വേനല്‍കാലമാവുമ്പോള്‍ ഡംപിങ് യാര്‍ഡില്‍ അഗ്നിബാധയുണ്ടാവുന്നതും സമീപത്തെ കൃഷി സ്ഥലങ്ങളിലേക്ക് അഗ്നി പടരുന്നതും നിത്യ സംഭവമാണ്. എങ്കിലും അധികൃതര്‍ അഗ്നിബാധ തടയാന്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രദേശത്തെ ജനങ്ങള്‍ കടുത്ത് പ്രതിഷേധം അറിയിച്ചു. ഡംപിങ് യാ ര്‍ഡിന് താഴെ മീനച്ചിലാറിന്റെ തീരത്തോട് ചേര്‍ന്ന ഒട്ടനവധി വീടുകള്‍ ഉണ്ട്.
ഡംപിങ് യാര്‍ഡിലെ അഗ്നിബാധ ഈ വീടുകള്‍ക്ക് ഭീഷണിയാണ്. മാലിന്യ സംഭരണ കേന്ദ്രത്തിലേക്കുള്ള പാത ഇടുങ്ങിയതും വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടു നിറഞ്ഞതുമാണ്. ഇത് കാരണം അഗ്നിശമന വിഭാഗത്തിനും പെട്ടന്ന് സ്ഥലത്തെത്താനോ അഗ്നി നിയന്ത്രിക്കാനോ ബുദ്ധിമുട്ടാണ്.
Next Story

RELATED STORIES

Share it