Fortnightly

തേജസ് വെളിച്ചം വന്ന വഴി

പി  അഹ്മദ് ശരീഫ്

ഒരു മാസിക ആരംഭിക്കുവാനുള്ള ഡിക്ലറേഷന്‍ ലഭിക്കാനായി നിരവധി പേരുകള്‍ സമര്‍പ്പിച്ചിരുന്നു. തേജസ് എന്ന പേരിനാണ് അംഗീകാരം ലഭിച്ചത്. ഇതെന്ത് പേരെന്ന് പലരും അന്ന് കൗതുകപൂര്‍വ്വം ചോദിച്ചു. ഇന്ത്യ വിക്ഷേപണം ചെയ്ത റോക്കറ്റിന് തേജസ് എന്ന പേരിട്ടതോടെ എന്താണ് ആ പേരിന്റെ പ്രത്യേകതയെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. 1997 ല്‍ തേജസ് മാസികയുടെ ആദ്യകോപ്പി പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ബാങ്ക് റോഡിലുള്ള ഇസ്‌ലാമിക് യൂത്ത് സെന്ററിന്റെ ഒന്നാം നിലയിലെ കൊച്ചു മുറിയായിരുന്നു തേജസ് മാസികയുടെ അദ്യ ഓഫീസ്. ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളുള്ള മലയാളത്തിലേക്കാണ് തേജസ് പിറന്നു വീണത്. ഈ ലേഖകന്‍ ചീഫ് എഡിറ്ററും മുകുന്ദന്‍ സി മേനോന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായാണ് തേജസ് മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സബ് എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ 10,000 കോപ്പികളാണുണ്ടായിരുന്നത്. ചുരുങ്ങിയ കാലത്തിനകം 55,000 കോപ്പികളായി വര്‍ദ്ധിച്ചു. മാസിക അച്ചടിച്ചിരുന്ന പ്രമുഖ ദിനപത്രത്തിന്റെ പ്രസ്സുകാര്‍ അത് ഇനി തുടര്‍ന്നു കൊണ്ടുപോകുവാന്‍ കഴിയില്ലെന്ന് കട്ടായം പറഞ്ഞു.
കെ പി കമാലായിരുന്നു തേജസിന്റെ ആദ്യ മാനേജര്‍. കഴിഞ്ഞ വര്‍ഷംവരേയും ആ സ്ഥാനത്ത് തുടര്‍ന്നു. സര്‍ക്കുലേഷന്‍ മാനേജരും ജനറല്‍ മാനേജരുമെല്ലാം അദ്ദേഹം തന്നെ ആയിരുന്നു. വയനാട്ടിലെ യൂനുസും അഷ്‌റഫ് കല്‍പ്പറ്റയും മറ്റും ആദ്യഘട്ടത്തില്‍ കൂട്ടിനുണ്ടായിരുന്നു. പാക്കിംഗിന് തൃക്കളയൂരിലെ ഗനി സാഹിബും.
മുകുന്ദന്‍ സി മേനോന്റെ ലേഖനങ്ങള്‍ ആദ്യനാള്‍ തൊട്ടേ തേജസിന്റെ പേജുകളെ ഗംഭീരമാക്കി. കേരളത്തിലെ ഏറ്റവും മികച്ച മനുഷ്യാവകാശ പ്രസിദ്ധീകരണം എന്ന നിലക്ക് ചുരുങ്ങിയ കാലം കൊണ്ട് മാസിക ഖ്യാതി നേടി. ഞാനും കമാലും പരസ്യങ്ങള്‍ ശേഖരിച്ചു. മൂന്നു നാല് മാസം കൊണ്ട് മാസിക ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞു. ഗൗരവമായ വായന ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച മാസികകളില്‍ തേജസ് മുന്‍പന്തിയിലായിരുന്നു.
ഡല്‍ഹിയില്‍ നിന്നും പുറത്തിറങ്ങിയ ഔട്ടുലുക്ക് മാസിക വിപണി കയ്യടക്കിയ കാലമായിരുന്നു അത്. എന്റെ സുഹൃത്ത് കെ അജിത്ത് പിള്ളയായിരുന്നു അതിന്റെ അസിസ്റ്റന്റ് എഡിറ്റര്‍. ഒരുപാട് സ്റ്റോറികള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്തു. ഇന്ത്യയില്‍ ആദ്യമായി പര്‍ദ്ദയിട്ട സ്ത്രീ -തങ്ങള്‍ കുടുംബാംഗമായ ഒരു ബീവി- ഓട്ടോ ഓടിക്കുന്ന സ്റ്റോറി ഞാനാണ് അജിത്ത് പിള്ളയ്ക്ക് കൊടുത്തത്. കവര്‍ സ്റ്റോറിയായി അത് വന്നു. ഔട്ട്‌ലുക്കിന്റെ വിജയരഹസ്യം ഷെയര്‍ ചെയ്യാമോ എന്ന് ഞാന്‍ അജിത്ത് പിള്ളയെ വിളിച്ചു ചോദിച്ചു. ചില കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഞാനും കമാലും ചേര്‍ന്ന് അന്ന് മലയാളത്തിലാരും ചെയ്യാത്ത ചില കാര്യങ്ങള്‍ പരീക്ഷിച്ചു. ഇരട്ടക്കവര്‍ ആദ്യമായി മലയാളത്തില്‍ പരീക്ഷിച്ചത് തേജസാണ്. ആരതിന് പരസ്യം തരും എന്ന ആശങ്ക ഉണ്ടായിരുന്നു. ഹൂര്‍ലിന്‍ പര്‍ദ്ദയുടെ ഉടമ റസല്‍ ഗഫൂര്‍ ഞങ്ങള്‍ക്ക് പൂര്‍ണ പിന്തുണ തന്നു. ഇന്നും അദ്ദേഹം തേജസിനെ അകമഴിഞ്ഞ് സഹായിച്ചു വരുന്നു.
കുറ്റിയാടിയില്‍ ഉണ്ടായ ഒരു ബോംബു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം എന്‍ ഡിഎഫിന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. അതിനോടനുബന്ധിച്ചുള്ള കോലാഹലങ്ങള്‍ നടക്കുന്ന സമയത്താണ് തേജസ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. എല്ലാവര്‍ക്കും 'സ്വന്തമായി ബോംബുള്ള കുറ്റിയാടി' എന്ന ശീര്‍ഷകത്തില്‍ ഞങ്ങളന്ന് തയ്യാറാക്കിയ കവര്‍ സ്‌റ്റോറി ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. സിപിഎമ്മിന്റെയും ബിജെപിയുടെയും ലീഗിന്റെയും കേന്ദ്രങ്ങളില്‍ നടന്ന ബോംബ് പൊട്ടിത്തെറികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നൊന്നായി തേജസ് പുറത്തു കൊണ്ടുവന്നു. കോണ്‍ഗ്രസ്സുകാരുടെയും മറ്റും കൊലപാതകങ്ങളുടെ കഥകളും അനാവരണം ചെയ്തതോടെ കുറ്റിയാടിയിലെ ബോംബ് വ്യവസായത്തിന്റെ പിന്നാമ്പുറകഥകള്‍ നാട്ടുകാര്‍ അിറഞ്ഞു. അതോടെ വിവാദങ്ങളും നിലച്ചു.
തേജസ് മാസികയില്‍ പുതിയ പംക്തികളാരംഭിച്ചു. തേജസ്വിനി എന്ന പേരില്‍ സ്ത്രീകള്‍ക്കു വേണ്ടി തുടങ്ങിയ പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. എം എ റഹ്മാന്‍ (തേഞ്ഞിപ്പലം) വല്യേട്ടനായി 'ബാലതേജസ്' എന്ന പംക്തി ആരംഭിച്ചതിലൂടെ കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. ബാബറിന്റെ 'പൊളിച്ചെഴുത്ത് എന്ന പംക്തി വായിക്കാന്‍ വായനക്കാര്‍ കാത്തിരുന്നു. വലിയ വായനാനുഭവമില്ലാത്തവരായിരുന്നു തേജസിന്റെ വരിക്കാര്‍. യഥാര്‍ത്ഥത്തില്‍ തേജസ് പുതിയ ഒരു വായനാ സമൂഹത്തെ വാര്‍ത്തെടുക്കുകയായിരുന്നു. പുതിയൊരു വായനാനുഭവം നല്‍കുകയായിരുന്നു. എ പി കുഞ്ഞാമു, എ സഈദ് തുടങ്ങി അനേകം എഴുത്തുകാര്‍ തേജസിന്റെ ഇതളുകളെ സമ്പന്നമാക്കി.
ഓമശ്ശേരിയിലെ കാസിമിന്റെ ഡി ടി പി സെന്ററായിരുന്നു അന്ന് ഞങ്ങള്‍ക്ക് ആശ്രയമായി വര്‍ത്തിച്ചത്. അവിടെ തേജസിന്റെ 58 പേജുകളും തയ്യാറായി വരുമ്പോഴേക്കും മനു കള്ളിക്കാടിന്റെ കവര്‍ ഡിസൈനിംഗ് കഴിഞ്ഞിരിക്കും. മനു തേജസിനൊപ്പം ഉറച്ചു നിന്ന ആര്‍ട്ടിസ്റ്റാണ്. ഇന്നു തേജസ് ദിനപത്രത്തിന്റെ പ്രധാന ജേര്‍ണലിസ്റ്റുകളില്‍ പലരും അന്ന് തേജസ് മാസിക നടത്തിയ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ പങ്കെടുത്തവരാണ്. കെ എച്ച് നാസര്‍, അബ്ദുല്‍ കരീം, എം ടി പി റഫീഖ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. തേജസ് മാസികയായിരുന്ന കാലത്ത് ഫീച്ചര്‍ എഴുത്തുകാരനായി കടന്നുവന്ന വ്യക്തിയാണ് കെ എ സലീം. പ്രൊഫ. പി കോയ തേജസ് മാസികയുടെ എഡിറ്ററായപ്പോള്‍ സലീമായിരുന്നു സബ് എഡിറ്റര്‍. ഇടക്കാലത്ത് കെ ടി ഹനീഫ് തേജസിനോടൊപ്പമുണ്ടായിരുന്നു. പ്രൂഫ് റീഡറായി വര്‍ഷങ്ങളോളം തേജസില്‍ സേവനം ചെയ്ത വ്യക്തിയാണ് പി യഹ്‌യാ മാസ്റ്റര്‍. ഗ്രാഫിക്‌സില്‍ കുറേ കാലമുണ്ടായിരുന്നത് കൊടിയത്തൂരിലെ അബ്ദുറഹിമാനാണ്. എറണാകുളത്തെ ഇ കെ ജലീലിന്റെയും കോഴിക്കോട്ടെ അന്‍സാറിന്റെയും നിസാറിന്റെയും മറ്റും സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. പല മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ തുച്ഛമായ വേതനത്തിന് മുഴുസമയവും പണിയെടുത്തതിന്റെ ഫലമായിട്ടായിരുന്നു തേജസിന്റെ ലക്കങ്ങള്‍ മുടക്കമില്ലാതെ ഇറങ്ങിക്കൊണ്ടിരുന്നത്. 55,000 കോപ്പികള്‍ സ്ട്രാപ്പ് ചെയ്ത് തപാല്‍ വഴി ഓരോ വരിക്കാരനും അയച്ചുകൊടുക്കുകയായിരുന്നു അന്നത്തെ രീതി. രണ്ടോ മൂന്നോ വണ്ടികളില്‍ കൊണ്ടുപോയാലും തീരാത്തത്ര കോപ്പികള്‍ കണ്ട് അത്ഭുതം പ്രകടിപ്പിച്ചത് രണ്ടു കൂട്ടരാണ്. തപാല്‍ വകുപ്പുകാരാണ് അവരില്‍ ഒരു വിഭാഗം. ഇതര മാസികകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉടമകളായിരുന്നു രണ്ടാമത്തെ വിഭാഗം. തേജസിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ വരിക്കാര്‍ക്ക് എത്തിക്കാന്‍ തപാല്‍ വകുപ്പിന് നന്നേ പ്രയാസപ്പെടേണ്ടിവന്നു. പോസ്റ്റുമാന്‍മാര്‍ക്ക് മാസികക്കെട്ടുകള്‍ ചുമലിലേറ്റി വരിക്കാരന് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നു. തേജസിനെ ഇഷ്ടപ്പെടാത്ത ചില ജീവനക്കാര്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തി. തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തേജസ് വരിക്കാര്‍ക്കെത്തിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍കൂടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഏജന്‍സി സംവിധാനം ഏര്‍പ്പെടുത്തിയത്.
വാരികയാക്കണമെന്ന വായനക്കാരുടെ സമ്മര്‍ദ്ദഫലമായി തേജസ് മാസിക പിന്നീട് ദൈ്വവാരികയായി. ദിനപത്രം വന്നതോടെ വാരിക ഉടനടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. നല്ലൊരു ആഴ്ചപതിപ്പായി മാറാന്‍ തേജസിന് സര്‍വ്വസാദ്ധ്യതകളുമുണ്ട്. കഴിവതും വേഗം പുതിയ വായനാനുഭവങ്ങള്‍ നല്‍കി ഒരു വാരിക മലയാളികളുടെ കയ്യിലെത്തിച്ചേരുമെന്ന്് പ്രത്യാശിക്കാം.
Next Story

RELATED STORIES

Share it