തേജസ് ലേഖകന്‍ അനീബിനെ ഉടന്‍ വിട്ടയക്കുക: സാംസ്‌കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: ഞാറ്റുവേല സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ ഫാഷിസത്തിനെതിരേ നടന്ന ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്ത തേജസ് മാധ്യമ പ്രവര്‍ത്തകന്‍ പി അനീബിനെ ഉടന്‍ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്തവരെ പോലിസും ഹനുമാന്‍സേനയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. ഞാറ്റുവേല പ്രവര്‍ത്തകരായ രാഖി, സ്വപ്‌നേഷ്, കവി അജിത്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ നസീബ, നസീറ, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ സാന്ദ്ര, വിജിത് എന്നിവരാണ് അറസ്റ്റിലായത്.
സമരത്തെ കായികമായി നേരിടുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന ഹനുമാന്‍ സേന സമരസ്ഥലത്ത് സംഘടിച്ചിട്ടും പോലിസ് അവരെ തടയുകയോ സ്ഥലത്തുനിന്ന് നീക്കി സംഘര്‍ഷ സാധ്യത ഇല്ലാതാക്കുകയോ ചെയ്തിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമരം തുടങ്ങി ഉടന്‍ ഹനുമാന്‍ സേനക്കാര്‍ മര്‍ദ്ദനം ആരംഭിച്ചു. മര്‍ദ്ദിക്കപ്പെട്ടവരില്‍ സ്ത്രീകളും ഭിന്നശേഷിക്കാരനായ അജിത്തും ഉള്‍പ്പെടുന്നു. തന്റെ മുന്നില്‍ വെച്ച് സ്ത്രീകളെ മഫ്ടിയിലെത്തിയ പോലിസ് മര്‍ദ്ദിക്കുന്നതുകണ്ടാണ് അനീബ് ഇടപെട്ടത്. ഇതേ തുടര്‍ന്നാണ് കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സം നിന്നെന്ന് ആരോപിച്ച് അനീബിനെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. അനീബിനെ സ്റ്റേഷനിലെത്തിയശേഷവും മര്‍ദ്ദിക്കുകയുണ്ടായി. മാത്രമല്ല, അനീബ് വ്യാജ പത്രപ്രവര്‍ത്തകനാണെന്ന വാര്‍ത്തയും പത്രങ്ങള്‍ക്കു നല്‍കി. ഇപ്പോഴും പല പത്രങ്ങളും വളച്ചൊടിച്ച പോലിസ് വാര്‍ത്തകളാണ് നല്‍കുന്നത്. നിലവില്‍ തന്റെ പേരില്‍ ഒരൊറ്റ കേസുപോലുമില്ലാത്ത അനീബിനെതിരെ നിരവധി കേസുകളുണ്ടെന്നും പോലിസ് ആരോപിക്കുന്നു. സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന പത്രപ്രവര്‍ത്തകര്‍ എല്ലായ്‌പ്പോഴും ഇത്തരം ഭീഷണികളുടെ നടുവിലാണ് ജീവിക്കുന്നത്. ഭരണാധികാരികള്‍ തങ്ങളെ വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെ ഒതുക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നു. അനീബിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ഒതുക്കാനും നിശ്ശബ്ദരാക്കാനുമുള്ള പോലിസിന്റെ നീക്കത്തെ ഞങ്ങള്‍ അപലപിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് മനസ്സിലാക്കി കസ്റ്റഡിയിലെടുത്ത അനീബിനെയും സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും നിരുപാധികം വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മനീഷാ സേത്തി, വെങ്കിടേശ് രാമകൃഷ്ണന്‍, കെ ജി ശങ്കരപ്പിള്ള, എ കെ രാമകൃഷ്ണന്‍, സി ഗൗരീദാസന്‍ നായര്‍, ടി ടി ശ്രീകുമാര്‍, കെ എം വേണുഗോപാല്‍, ഐ ഗോപിനാഥ്, ഗോപാല്‍ മേനോന്‍, എം എച്ച് ഇല്യാസ് എന്നിവരാണ് സംയുക്ത പ്രസ്താവയില്‍ ഒപ്പു വച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it