തേങ്ങലടക്കാനാവാതെ ഹനുമന്തപ്പയുടെ ഗ്രാമം

ധര്‍വാഡ്(കര്‍ണാടക): ലാന്‍സ് നായിക് ഹനുമന്തപ്പയുടെ മരണവാര്‍ത്ത കര്‍ണാടകയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ ബെറ്റാദുര്‍ നിവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി ഒരു പ്രദേശം മുഴുവന്‍ നിരന്തരം പ്രാര്‍ഥനയിലായിരുന്നു. വിവിധ സംഘടനകളും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രത്യേക പ്രാര്‍ഥനാസംഗമങ്ങള്‍ നടത്തിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന നിരവധി ജനങ്ങള്‍ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഭാര്യ മഹാദേവിയും മകളും അടുത്ത ബന്ധുക്കളും ഡല്‍ഹിയിലാണ്. ഫെബ്രുവരി 13ന് നടക്കുന്ന ഹെബ്ബാല്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളുരുവില്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹനുമന്തപ്പയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനമാചരിച്ചു.
ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഹനുമന്തപ്പയുടെ കുടുംബത്തിനുള്ള എല്ലാ സഹായവും നല്‍കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാച്ചിനില്‍ ജീവന്‍ നഷ്ടപ്പെട്ട മൈസുരുവിലെ മഹേഷിന്റെയും ഹാസനിലെ-നാഗേഷിന്റെയും ഹനുമന്തപ്പയുടെയും കുടുംബത്തിന് പ്രത്യേക സഹായധനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹനുമന്തപ്പ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷിയാണെന്നും അദ്ദേഹത്തിന്റെ ധീരമായ ജീവിതത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it