thrissur local

തേക്കിന്‍കാട് മൈതാനത്തിനുചുറ്റും നടപ്പാത: നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

തൃശൂര്‍: തേക്കിന്‍കാട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മൈതാനത്തിനുചുറ്റും നിര്‍മിക്കുന്ന നടപ്പാതയുടെ നിര്‍മാണോദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. നായ്ക്കനാല്‍ പരിസരത്തു ചേര്‍ന്ന ചടങ്ങില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ് അഡ്വ. എം.പി. ഭാസ്‌കരന്‍ നായര്‍, ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍, എം.എസ്. സമ്പൂര്‍ണ, പ്രഫ. എം. മാധവന്‍കുട്ടി മാസ്റ്റര്‍, അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആയിരം മീറ്റര്‍ നീളത്തില്‍ 2.4 മീറ്റര്‍ വീതിയിലാണു തേക്കിന്‍കാടിനുചുറ്റും നടപ്പാതയൊരുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയ്ക്ക് അനുവദിച്ച പത്തിന പ്രഖ്യാപനത്തിലെ പ്രധാന പദ്ധതിയാണ് തേക്കിന്‍കാട് മൈതാനിയുടെ സൗന്ദര്യവത്കരണം. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നീട് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കി സമര്‍പ്പിച്ച സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രപ്പോസല്‍ സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു.
തുടര്‍ന്നു മൈതാനിയുടെ ചുറ്റുമുള്ള നടപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ഒരുകോടി രൂപയുടെ ഭരണാനുമതി നല്‍കുകയായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ചുള്ള ഈ പ്രവൃത്തിയുടെ നിര്‍മാണ ചുമതല സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ്. നാലുമാസംകൊണ്ടു നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it