തെളിവുകള്‍ നശിപ്പിച്ച പോലിസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന്

കൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം ആവുമ്പോഴും ജനങ്ങളെ വിഡ്ഢികളാക്കി പ്രഹസനമായ അന്വേഷണമാണ് പോലിസ് നടത്തുന്നതെന്നു സാമൂഹികനീതി സാംസ്‌കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജിഷയുടെ മാതാവിന്റെ അഭ്യര്‍ഥന നിരസിച്ചു മൃതദേഹം ദഹിപ്പിക്കാന്‍ മുന്‍കൈയെടുത്ത പോലിസ് ഉദ്യോഗസ്ഥന് എതിരായി യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇയാളെ സര്‍വീസില്‍ നിന്നു പുറത്താക്കി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു പുതിയ സര്‍ക്കാരിനു നിവേദനം സമര്‍പ്പിക്കും.
ജിഷയ്ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള പ്രാരംഭപരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ദലിത്, ആദിവാസി മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു പെരുമ്പാവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ 29നു തിരുവനന്തപുരത്തു സാമൂഹികനീതി ദേശീയ സമ്മേളനവും ജിഷ ഫോര്‍ ജസ്റ്റിസ് മൂവ്‌മെന്റുമായി ബന്ധപ്പെടുന്ന എല്ലാ സംഘടനകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് 30ന് ഫോര്‍ട്ട്‌കൊച്ചി പള്ളത്തുരാമന്‍ ഗ്രൗണ്ടില്‍ ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it