തെലങ്കാന: സിബിഐ അന്വേഷിക്കണം- എന്‍സിഎച്ച്ആര്‍ഒ

ന്യൂഡല്‍ഹി: തെലങ്കാനയില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്ന സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ)യുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ ആന്ധ്രാ ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, സംഭവത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ ഐപിസി 302ാം വകുപ്പ് പ്രകാരം കേസെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

പോലിസ് വെടിവച്ചുകൊന്ന യുവാക്കളുടെ കുടുംബാംഗങ്ങളടക്കം നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. എന്‍സിഎച്ച്ആര്‍ഒ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ദേശീയ സെക്രട്ടറി അഡ്വ. എ മുഹമ്മദ് യൂസുഫ്, അഡ്വ. സൈഫാന്‍ ഷേഖ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
എസ്ഡിപിഐ നാഷനല്‍ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദിന്‍ അഹ്മദ്, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം മുഹമ്മദ് ആരിഫ്, തെലങ്കാന സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ അഹദ്, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പര്‍വേസ് അഹ്മദ് സംസാരിച്ചു. കൊല്ലപ്പെട്ട വിഖാര്‍ അഹ്മദിന്റെ പിതാവ് മുഹമ്മദ് അഹ്മദ്, ഹനീഫ് അഹ്മദിന്റെ ഭാര്യ ഇഷ്‌റത്ത് ബാനു, സയ്യിദ് അംജദ് അലിയുടെ സഹോദരന്‍ ഇംതിയാസ് അലി, മുഹമ്മദ് സാക്കിറിന്റെ സഹോദരി വസീമുന്നിസ എന്നിവരും പ്രതിഷേധ മാര്‍ച്ചിനെത്തിയിരുന്നു. മാര്‍ച്ചിനു ശേഷം കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങള്‍ ആന്ധ്രാഭവനിലെ റെസിഡന്റ് കമ്മീഷണര്‍ മുഖേന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it