തെലങ്കാന രണ്ടാം സ്ഥാപക ദിനം ആഘോഷിച്ചു

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സഞ്ജീവയ്യ പാര്‍ക്കില്‍ 291 അടി ഉയരത്തില്‍ ദേശീയപതാക ഉയര്‍ത്തി.
ആന്ധ്രപ്രദേശ് പുനസ്സംഘടനാ നിയമപ്രകാരം 2014 ജൂണ്‍ 2നാണ് തെലങ്കാന സംസ്ഥാനം നിലവില്‍ വന്നത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. സെക്രട്ടേറിയറ്റും നിയമസഭയുമടക്കമുള്ള സര്‍ക്കാര്‍സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചു. വാര്‍ഷികാഘോഷത്തിനു വേണ്ടി എല്ലാ ജില്ലകള്‍ക്കും സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു.
പ്രത്യേക സംസ്ഥാനത്തിനു വേണ്ടി ജീവന്‍ നല്‍കിയ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് അദ്ദേഹം തറക്കല്ലിട്ടു. അടുത്ത ദസറയോടെ സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 10 ജില്ലകളാണുള്ളത്.
സംസ്ഥാനത്ത് ജലസേചന പദ്ധതികള്‍ പുനസ്സംവിധാനം ചെയ്യുമെന്നും 90 ശതമാനം ഗ്രാമങ്ങളിലും കുടിവെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികള്‍ വര്‍ധിപ്പിക്കുമെന്നും ഐടി അടക്കമുള്ള പുതിയ വ്യവസായങ്ങള്‍ തുടങ്ങുമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it