തെലങ്കാന പ്രഖ്യാപനത്തിലേക്ക് നയിച്ചത് കെസിആര്‍: ജയറാം രമേശ്

ന്യൂഡല്‍ഹി: മരണംവരെയുള്ള ഉപവാസത്തെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാനയെ വേര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. ഹൈദരാബാദിലെ പൊതുസാഹചര്യം അങ്ങേയറ്റം വഷളായതായി സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു.
ഇതിനെ മറികടക്കാന്‍ ശക്തമായ തീരുമാനം എടുക്കേണ്ടിവന്നു. ഓള്‍ഡ് ഹിസ്റ്ററി ആന്റ് ന്യൂ ജിയോഗ്രഫി ബൈഫര്‍ക്കേറ്റിങ് ആന്ധ്രപ്രദേശ് (പഴയ ചരിത്രവും പുതിയ ഭൂമി ശാസ്ത്രവും-ആന്ധ്രപ്രദേശിന്റെ വിഭജനം എന്ന ജയറാം രമേശിന്റെ പുതിയ കൃതിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. സന്ദര്‍ഭം മുതലെടുക്കാന്‍ മാവോ വാദികളും അവരോട് അനുഭാവം പുലര്‍ത്തുന്നവരും ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പും തെലങ്കാന രൂപീകരണത്തിലേക്കു നയിച്ചതായി 242 പേജുള്ള പുസ്തകത്തില്‍ ജയറാം രമേശ് വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശ് വിഭജിക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിമാരുടെ സംഘത്തില്‍ ജയറാം രമേശ് അംഗമായിരുന്നു. 2009 ഡിസംബര്‍ ഒമ്പതിനാണ് തെലങ്കാന സംസ്ഥാനം പ്രഖ്യാപിക്കപ്പെട്ടത്. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രപ്രദേശ്.
പ്രഖ്യാപനം വന്നില്ലായിരുന്നുവെങ്കില്‍ മേഖലയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടായിരുന്നതായും ജയറാം രമേശ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it