kozhikode local

തെരുവ് നായ്ക്കളെ ഒതുക്കാന്‍ തുടര്‍പദ്ധതി

കോഴിക്കോട്: തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാനായി കഴിഞ്ഞ വര്‍ഷം കോര്‍പറേഷനില്‍ നടപ്പാക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി)പദ്ധതി തുടരും. മതിയായ ഫണ്ടില്ലാത്തതിനാലും ജനങ്ങളുടെ എതിര്‍പ്പുമൂലവും നിലച്ചുപോയ പദ്ധതിയില്‍ ഭേദഗതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് ഭരണസംവിധാനം. കഴിഞ്ഞ വര്‍ഷം നായ്ക്കളെ പിടിക്കുന്നതിന് വേണ്ടി പരിശീലനം നല്‍കിയിരുന്നു. പൂളക്കടവില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച സ്ഥലത്ത് ക്യാംപ് സംഘടിപ്പിച്ച് 159 തെരുവ് നായ്ക്കളെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി വന്ധ്യം കരിക്കുകയും ചെവിയില്‍ അടയാളം രേഖപ്പെടുത്തി തിരിച്ച് പിടിച്ച സ്ഥലത്ത് തന്നെ വിടുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ചപോലെ പദ്ധതി വിജയം കാണാത്തതിനാലാണ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പൂളക്കവില്‍ സ്ഥിരം എബിസി സെന്റര്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ ആധുനിക ഓപറേഷന്‍ സെന്റര്‍, പിടിക്കുന്ന നായ്ക്കളെ പാര്‍പ്പിക്കാനുള്ള സ്ഥലം, ഓപറേഷന്‍ കഴിഞ്ഞ നായ്ക്കളെ സംരക്ഷിക്കാനുള്ള സ്ഥലം , രോഗമുള്ള നായ്ക്കളെ സംരക്ഷിക്കാനുള്ള സ്ഥലം, ശീതീകരിച്ച വാര്‍ഡ്, നായ്ക്കളെ വന്ധ്യം കരിച്ചതിനുശേഷം അവയുടെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്നവ കരിക്കാനുള്ള സെമി ഇന്‍സിനേറ്റര്‍, ഡോക്ടര്‍മാര്‍ക്കു താമസിക്കാനുള്ള സ്ഥലം ഉണ്ടാകും. ബട്ടര്‍ഫ്‌ലെ കാച്ച് നെറ്റ് ഉപയോഗിച്ച് എബിസി അസിസ്റ്റന്റുമാര്‍ ഓരോ സ്ഥലത്തു നിന്നും പിടിക്കുന്ന നായക്കളെ വന്ധ്യം കരിച്ച് മുറിവ് ഉണക്കിയതിനുശേഷം തിരികെ അവിടെ തന്നെ കൊണ്ടുവിടും.
കോര്‍പറേഷന്‍ പരിധിയില്‍ അലയുന്ന നായകളുടെ ഔദ്യോഗിക എണ്ണം 1224 ആണ്. എബിസി പ്രൊജക്ട് പ്രകാരം 7 വര്‍ഷം കഠിന പരിശ്രമം നടത്തിയാല്‍ ജില്ലയിലെ റാബിസ് വൈറസ് പൂര്‍ണമായും ഇല്ലാതാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടു കൂടെ നായ്ക്കള്‍ക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പും നടത്തും. ഇതിനാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് പേവിഷ ബാധ ഏല്‍ക്കില്ല. പിന്നീട് എല്ലാ വര്‍ഷവും നായ്ക്കളെ ഇറക്കി വിട്ട സ്ഥലത്തു വന്ന് ഇവക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തും. വന്ധ്യംകരണം ചെയ്ത ശേഷം ആവശ്യക്കാരുണ്ടെങ്കി ല്‍ നായകളെ ദത്തെടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നാടന്‍ നായകളെയാണെന്ന് മാത്രം. ഇതിനായി പ്രത്യേക ഹെ ല്‍പ്പ് ലൈന്‍ നമ്പറും വാട്ട്‌സ് ആപ്പ് നമ്പറും ഉണ്ടാകും.
Next Story

RELATED STORIES

Share it