തെരുവു നായ ആക്രമണം: നോക്കിയിരിക്കാനാവില്ലെന്നു സുപ്രിംകോടതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേയുള്ള തെരുവു നായ്ക്കളുടെ ആക്രമണം കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നു സുപ്രിംകോടതി. ആക്രമണകാരികളായ തെരുവു നായ്ക്കളെ നശിപ്പിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രശ്‌നത്തില്‍ കോടതി വീണ്ടും ഇടപെട്ടത്.
തെരുവു നായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും, ആവശ്യമായ മരുന്നും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നുമുള്ള ജനസേവ ശിശുഭവന്റെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള നായ്ക്കളുടെ ആക്രമണം വര്‍ധിക്കുകയാണെന്നും അടുത്തിടെ കാസര്‍കോട് മാത്രം 22 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം നഗരസഭയില്‍ മാത്രം 40,000 തെരുവു നായ്ക്കളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു കോടതിയെ ബോധിപ്പിച്ചു. ഒരു ലക്ഷത്തോളം ആക്രമണ സംഭവങ്ങളാണ് ശരാശരി ഓരോവര്‍ഷവും റിപോര്‍ട്ടുചെയ്യുന്നത്.സാമൂഹിക ജീവിതത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ വിപത്തിനെക്കുറിച്ചും അത് പരിഹരിക്കുന്നതിനെക്കുറിച്ചും ഒരു സമിതിയെ കൊണ്ട് പഠനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it