തെരുവുനായ ശല്യം: വിശദീകരണം നല്‍കാന്‍ ഡി.ജി.പിക്കു നിര്‍ദേശം

കൊച്ചി: ജനങ്ങള്‍ക്കു ശല്യമായിക്കൊണ്ടിരിക്കുന്ന തെരുവുനായകളെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതു സംബന്ധിച്ച് ഒക്ടോബര്‍ 20ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി നിര്‍ദേശം നല്‍കി. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് എന്ന സംഘടന സമര്‍പ്പിച്ച പരാതിയിലാണു കമ്മീഷന്‍ നിര്‍ദേശം.

മൃഗപ്രജനന നിയന്ത്രണ നിയമം അനുസരിച്ച് നടപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ പാലിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും വീഴ്ചവരുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. അലഞ്ഞുതിരിയുന്നതും മനുഷ്യനു ശല്യമുണ്ടാക്കുന്നതുമായ നായകളെ വേദനാരഹിത മാര്‍ഗത്തിലൂടെ കൊല്ലുന്നതിന് നിയമം അനുശാസിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു സമര്‍പ്പിച്ച ഹരജികളിലെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുള്ളതാണ്. മനുഷ്യജീവനു തന്നെയാണു പ്രാധാന്യമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണകാരികളും പേ വിഷബാധ ഉള്ളതുമായ നായകളെ കൊല്ലണമെന്നു തന്നെയാണ് കോടതി വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍, ഇതിനു വിരുദ്ധമായി ഡി.ജി.പി. പുറപ്പെടുവിച്ച ഉത്തരവ് തെറ്റായ അര്‍ഥത്തിലുള്ളതാണെന്നു പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്.

ശല്യക്കാരായ നായകളെ അതതു പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൈകാര്യം ചെയ്യാമെന്നു നിയമം അനുശാസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിധികളില്‍ ഇടപെടാതെ തന്നെ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന റിപോര്‍ട്ടാണു സമര്‍പ്പിക്കേണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കമ്മീഷന്‍  സിറ്റിങില്‍ മൊത്തം 76 പരാതികളാണു ലഭിച്ചത്. ഇതില്‍ 31 പരാതികള്‍ തീര്‍പ്പാക്കി. മറ്റുള്ളവ റിപോര്‍ട്ടിനും മറുപടികള്‍ക്കുമായി മാറ്റിവച്ചു.
Next Story

RELATED STORIES

Share it