Alappuzha local

തെരുവുനായ ശല്യം രൂക്ഷം; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍

പാച്ചാക്കല്‍: തെരുവുനായ ശല്യം രൂക്ഷമായതൊടെ പള്ളിപ്പുറം, പൂച്ചാക്കല്‍ പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍.
പേവിഷബാധയേറ്റ് ആട്, പശു, പോത്ത് എന്നിവ ചത്തതിലൂടെ ഒന്നര ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. ഇത്രയും നഷ്ടങ്ങള്‍ ഉണ്ടായിട്ടും തെരുവുനായ ശല്യത്തിനെതിരേ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ലായെന്ന് ക്ഷീര കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി പൂച്ചാക്കല്‍, പള്ളിപ്പുറം ഭാഗങ്ങളില്‍ അഞ്ചോളം മൃഗങ്ങള്‍ക്കാണ് പേവിഷബാധയേറ്റത്. പള്ളിപ്പുറം ഒറ്റപ്പുന്ന തോമസ് ഇലഞ്ഞിലിന്റെ ആടിനെയും സമീപവാസിയുടെ പശുവിനെയും നായ കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തെങ്കിലും ഫലമുണ്ടായില്ല. പേവിഷബാധയെത്തുടര്‍ന്ന് പശുവും ആടും അക്രമാസക്തമായതോടെ മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍ എത്തികുത്തിവച്ച് കൊല്ലുകയായിരുന്നു.
പൂച്ചാക്കല്‍ ഷെഫീര്‍ മന്‍സിലില്‍ റഷീദിന്റെ പോത്തിനെ എട്ടോളം നായകള്‍കുട്ടമായി ആക്രമിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്ന പോത്ത് ചത്തു. പേവിഷമുള്ള നായ കടിച്ചതെന്നു സംശയമുള്ള പള്ളിപ്പുറംതേയ്ക്കാനത്ത് കിടാരിയും തിരുനല്ലൂര്‍ കുത്തുകാട്ട് ഗോപിയുടെ പശു ചത്തു. തെരുവു നായ കടിച്ചതാണ് എന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാല്‍ തെരുവുനായ കടിക്കുന്നത് ആരും കണ്ടിട്ടില്ല. ഇവയുടെ തലകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കള്‍ മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയിട്ടും ഇവയെ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്തതിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മ്യഗാശുപത്രിയില്‍ മരുന്നില്ലാത്തതിലും പ്രതിഷേധം ശക്തമായി.
Next Story

RELATED STORIES

Share it