kannur local

തെരുവുനായ ശല്യം; പ്രജനന നിയന്ത്രണ പദ്ധതിക്ക് നിര്‍ദേശം

കണ്ണൂര്‍: ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ സമഗ്രമായ എബിസി പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിര്‍ദേശം. ഗ്രാമപ്പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ഇതിനാവശ്യമായ പ്രൊജക്ട് തയ്യാറാക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂക്ഷമായ തെരുവുനായ ശല്യത്തെക്കുറിച്ച് അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
വിവിധ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ടുകള്‍ ചെയര്‍മാന്‍മാരായ വി കെ സുരേഷ് ബാബു, കെ ശോഭ, കെ പി ജയബാലന്‍, ടി ടി റംല എന്നിവര്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തെരുവുനായ ശല്യംരൂക്ഷമാണ്. പുറമെ ഭ്രാന്തന്‍കുറക്കന്റെ പരാക്രമവും ഉണ്ട്.
കഴിഞ്ഞ ദിവസം മയ്യില്‍ ഭാഗത്ത് നിന്ന് നിരവധിപേരാണ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയത്.
പേവിഷബാധ നിയന്ത്രണത്തിനും തെരുവുനായ വന്ധ്യംകരണത്തിനുമായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയാണ് മൃഗപ്രജനന നിയന്ത്രണ(ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണവകുപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. തെരുവുനായകളെ പിടികൂടി പ്രത്യേക കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തി വിട്ടയക്കുകയാണു ചെയ്യുക.
നായകളെ കൊല്ലുന്ന കാര്യം പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഇവയെ ശാസ്ത്രീയരീതി അവലംബിച്ച് പ്രജനനം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
വന്ധ്യംകരണം നടത്താനുള്ള പരിശീലനം കൂടുതല്‍ പേര്‍ക്ക് നല്‍കും.
Next Story

RELATED STORIES

Share it