തെരുവുനായ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാരം തുടങ്ങി

കൊച്ചി: തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രമുഖ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 24 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ ഇന്നലെ രാവിലെ 10 മുതലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാരസമരം ആരംഭിച്ചത്.
ഇന്നു രാവിലെ 10മണി വരെയാണ് നിരാഹാരസമരം. തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ ഡിജിപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ചിറ്റിലപ്പിള്ളി നടത്തിയത്. ഭരണാധികാരികള്‍ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു നിയമം കൈയിലെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ടു ഡിജിപിക്കെതിരേ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന ആളുകള്‍ക്കെതിരേ കേസെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മൃഗസ്‌നേഹി എന്നവകാശപ്പെടുന്ന മേനകഗാന്ധി കപടമൃഗസ്‌നേഹമാണു കാണിക്കുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിരാഹാരസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ സമരപ്പന്തലില്‍ എത്തി. അതേസമയം, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരത്തിനെതിരേ വിമര്‍ശനവുമായി പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്തെത്തി. തെരുവുനായ്ക്കളെ കൊല്ലുന്നതിനായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാരം നടത്തുകയല്ല വേണ്ടത് പകരം നായക്കള്‍ക്ക് അഭയകേന്ദ്രം ഒരുക്കുകയാണു ചെയ്യേണ്ടതെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
Next Story

RELATED STORIES

Share it