തെരുവുനായശല്യം തടയല്‍ : തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തി

നിഷാദ്  എം  ബഷീര്‍

തിരുവനന്തപുരം: തെരുവുനായശല്യം തടയുന്നതിനും എണ്ണം നിയന്ത്രിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് റിപോര്‍ട്ട്. തദ്ദേശസ്ഥാപനങ്ങള്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി റാംപ് സൗകര്യത്തോടുകൂടിയ വാഹനം വാങ്ങുകയോ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പിനുമായി മൊബൈല്‍ ക്ലിനിക് വാങ്ങുകയോ ചെയ്തിട്ടില്ല. നായപിടിത്തക്കാര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. തിരുവനന്തപുരം നഗരസഭയിലൊഴികെ ഒരു തദ്ദേശസ്ഥാപനത്തിലും നായസംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമുള്ളത്. സംസ്ഥാനത്ത് ഓരോ ദിവസവും മുന്നൂറോളം പേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തെരുവുനായശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഉത്തരവുകളിലൂടെ പല തവണ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വിജയിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കലും അലഞ്ഞുതിരിയുന്ന നായ്ക്കളെ ഇല്ലാതാക്കുകയും ചെയ്യുകയെന്നത് പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയില്‍ പെട്ടതാണ്. എന്നാല്‍, ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നായ്ക്കളെ വളര്‍ത്തുന്നതിനായി ലൈസന്‍സ് അനുവദിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. വളര്‍ത്തുനായ്ക്കളുടെയോ തെരുവുനായ്ക്കളുടെയോ കൃത്യമായ കണക്കെടുപ്പു പോലും തദ്ദേശസ്ഥാപനങ്ങളും നടത്താന്‍ തയ്യാറാവുന്നില്ല. ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കും ലൈസന്‍സ് വാങ്ങി മാനദണ്ഡം പാലിക്കാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കും 250 രൂപ പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പക്ഷേ, പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പുകളും ചട്ടങ്ങളും അനുസരിച്ചുള്ള യാതൊരു നടപടിയും ഇത്തരക്കാര്‍ക്കെതിരേ സ്വീകരിക്കുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. മൃഗാശുപത്രികളില്‍ നിന്നു വളര്‍ത്തുനായ്ക്കള്‍ക്ക് ആന്റിറാബീസ് വാക്‌സിനേഷന്‍ നല്‍കുന്ന അവസരത്തില്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ പരാജയപ്പെട്ടു. പേവിഷനിര്‍മാര്‍ജനത്തിനും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികള്‍ പൊതുവിഭാഗത്തില്‍ ഏറ്റെടുക്കാമെന്നിരിക്കെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു പദ്ധതികളും നടപ്പാക്കിയിട്ടില്ല. 2011-12ലാണ് 10 ലക്ഷം രൂപ വകയിരുത്തി തിരുവനന്തപുരം നഗരസഭ എബിസി പ്രോഗ്രാം ആവിഷ്‌കരിച്ചത്. എന്നാല്‍, 1,32,457 രൂപ ചെലവഴിച്ച് ശസ്ത്രക്രിയാ ഉപകരണങ്ങളും പട്ടിക്കൂടുകളും വാങ്ങിയതല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.
Next Story

RELATED STORIES

Share it