തെരുവിന്റെ മക്കള്‍ക്ക് സാന്ത്വന സ്പര്‍ശമായി 'ടച്ച് ഓഫ് ലൗ'

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ഒരു വര്‍ഷം മുമ്പ് സംഘര്‍ഷഭരിതമായ 'കിസ് ഓഫ് ലൗ പ്രതിഷേധം' അരങ്ങേറിയ കൊച്ചി മറൈന്‍ഡ്രൈവില്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ 'ടച്ച് ഓഫ് ലൗ' അരങ്ങേറി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുതുതലമുറയ്ക്കു മുന്നില്‍ വേറിട്ട മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി രൂപത സെഹിയോന്‍ പ്രേഷിതസംഘം മറൈന്‍ഡ്രൈവില്‍ 'ടച്ച് ഓഫ് ലൗ' സംഘടിപ്പിച്ചത്.
സെഹിയോന്‍ പ്രേഷിതസംഘം കോ- ഓഡിനേറ്ററായ എം എക്‌സ് ജൂഡ്‌സന്റെ നേതൃത്വത്തില്‍ സംഘാടകര്‍ തെരുവില്‍ അലയുന്ന എഴോളം അഗതികളെ കണ്ടെത്തുകയും അവരുടെ താടിയും മുടിയും വെട്ടിച്ചശേഷം ഭക്ഷണപ്പൊതി നല്‍കി യാത്രയാക്കുകയും ചെയ്തു. പള്ളുരുത്തി സെന്റ് ഡൊമിനിക് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ ഗാനമേളയും പശ്ചാത്തലത്തില്‍ അരങ്ങേറി.
'കിസ് ഓഫ് ലൗ' പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്ന മനസിലാക്കിയ കൊച്ചി നഗരസഭ മുന്‍മേയര്‍ ടോണി ചമ്മണിയും പള്ളുരുത്തി കൗണ്‍സിലര്‍ ആയിരുന്ന തമ്പി സുബ്രഹ്മണ്യവും ചേര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം 'ടച്ച് ഓഫ് ലൗ' എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനായി അവര്‍ ആദ്യം സമീപിച്ചത് ഇടക്കൊച്ചി സ്വദേശി എം എക്‌സ് ജൂഡ്‌സനെയാണ്.
ഇരുപതു വര്‍ഷമായി എറണാകുളത്തെ തെരുവുകളില്‍ അലയുന്ന നിരാലംബര്‍ക്ക് വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ഭക്ഷണം നല്‍കുകയും അവരെ പരിചരിക്കുകയും ചെയ്തുവരുകയാണ് ജൂഡ്‌സന്‍. ജൂഡ്‌സന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയില്‍ നിന്ന് ഓരോ ദിവസവും ഒരു പൊതിച്ചോറിനായി കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട്. എറണാകുളം ജില്ലയിലെ 18 സ്‌കൂളുകളിലെയും ഏഴു കോളജുകളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ജൂഡ്‌സന് ഭക്ഷണപ്പൊതികള്‍ എത്തിച്ചുകൊടുക്കുന്നത്. ദിവസേന 450ഓളം ഭക്ഷണപ്പൊതി ജൂഡ്‌സന്‍ വഴി തെരുവുകളിലെ പാവപ്പെട്ടവരിലേക്കെത്തുന്നുണ്ട്.
ഞായറാഴ്ച്ചകളില്‍ ഭക്ഷണപ്പൊതികളുടെ എണ്ണം ആയിരമായി ഉയരാറുണ്ടെന്നും ജൂഡ്‌സന്‍ പറയുന്നു. ടച്ച് ഓഫ് ലൗ വിന് ഫാ. ആന്റണി കൊച്ചുകരിയില്‍, ഡോ. അരുണ്‍ ഉമ്മന്‍, റാന്‍സി അബ്രോ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it