തെദ്ദേശതിരഞ്ഞെടുപ്പ്; പരുമാറ്റച്ചട്ടം നിലവില്‍വന്നു

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഇതനുസരിച്ച് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഭരണനേട്ടങ്ങളും മറ്റും വിവരിച്ച് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ മാറ്റണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴിയുള്ള വികസന സ്വഭാവത്തിലുള്ള പരസ്യങ്ങള്‍ക്കും നിരോധനമുണ്ടാവും.

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാതലത്തില്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരുമുണ്ടാവും.

എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നാര്‍ തൊഴിലാളി പ്രശ്‌നം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. നാളെ നടക്കുന്ന പി.എല്‍.സി. യോഗത്തിനും  തിരഞ്ഞെടുപ്പ് മാതൃകാ  പെരുമാറ്റച്ചട്ടം തടസ്സമാവില്ല. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it