തൃശൂര്‍ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു

തൃശൂര്‍: ഒന്നരവര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ തൃശൂര്‍ വിജിലന്‍സ് ജഡ്ജി ജസ്റ്റിസ് എസ് എസ് വാസന്‍ സ്വയം വിരമിക്കാന്‍ അനുമതി തേടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. ഈ വര്‍ഷം മെയ് 31ന് വിരമിക്കാന്‍ അനുവാദം ചോദിച്ചാണ് അപേക്ഷ.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള ജസ്റ്റിസ് വാസന്റെ വിധിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിരമിക്കല്‍ തീരുമാനമെന്നാണു സൂചന. 2017 മെയ് 31 വരെയാണ് സര്‍വീസ് കാലാവധി.
എന്നാല്‍, രാവിലെ തന്നെ ജസ്റ്റിസ് തീരുമാനമെടുത്തിരുന്നതായും ആധ്യാത്മികതയിലും പുസ്തകവായനയിലും സാമൂഹികസേവനത്തിലും കൂടുതല്‍ സമയം ചെലവഴിക്കാനാണ് നേരത്തേ പിരിയുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസിന്റെ വിശദീകരണം. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിജിലന്‍സ് കോടതിയില്‍ എത്തിയെങ്കിലും പ്രതികരിക്കാന്‍ ജസ്റ്റിസ് തയ്യാറായില്ല. ഒടുവില്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് ആണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
വൈകീട്ട് അഞ്ചിന് ജസ്റ്റിസ് വാസന്‍ കോടതിക്ക് പുറത്തുവന്നയുടന്‍ കാറില്‍ കയറിപ്പോയി. ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോബാക്ക് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
എന്നാല്‍, രാവിലെ കോടതി ചേരും മുമ്പ്, കഴിഞ്ഞ ദിവസം തനിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശവമഞ്ചസമരത്തോട് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നലത്തെ ആള്‍ തന്നെയാണു താനെന്നും ഫ്രീസറില്‍ വയ്ക്കരുതെന്നും മാവിന്‍മുട്ടികൊണ്ട് കത്തിക്കുന്നതാണ് ഇഷ്ടമെന്നും ജസ്റ്റിസ് പറഞ്ഞു.
Next Story

RELATED STORIES

Share it