തൃശൂര്‍ പോലിസ് അക്കാദമിയിലെ ബീഫ് നിരോധനം അവസാനിക്കുന്നു

തൃശൂര്‍: രണ്ടുവര്‍ഷമായി തുടരുന്ന തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയിലെ ബീഫ് നിരോധനത്തിന് അറുതിയാവുന്നു. ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെട്ടാണ് നിരോധനം നീക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അക്കാദമിയില്‍ ബീഫ് നിരോധനം തുടരുന്നതിന്റെ ന്യായീകരണം ആഭ്യന്തരവകുപ്പ് തേടിയിട്ടുണ്ട്. ഡിജിപി സെന്‍കുമാറിനോട് ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2014ല്‍ വ്യാപകമായതോതില്‍ ആന്ത്രാക്‌സ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പോലിസ് അക്കാദമിയിലെ കാന്റീനിലും മെസുകളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്. ഐജി സുരേഷ്‌രാജ് പുരോഹിത് അക്കാദമിയുടെ ചുമതലയേറ്റതോടെ നിരോധനം അനിശ്ചിതമായി നീട്ടുകയായിരുന്നു. രോഗബാധ നിയന്ത്രണവിധേയമായിട്ടും ബീഫ് വിളമ്പാന്‍ ഇദ്ദേഹം അനുവദിച്ചിരുന്നില്ല. ബീഫ് വിവാദം സംസ്ഥാനത്ത് കത്തിപ്പടര്‍ന്നിട്ടും ഐജി നിലപാട് മാറ്റിയില്ല. അക്കാദമിയില്‍ പരിശീലനത്തിനു വരുന്ന പോലിസുകാര്‍ ബീഫ് കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും ഐജി നിരോധനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഔദ്യോഗികമായി ബീഫ് നിരോധനം പ്രഖ്യാപിക്കാതെ വാക്കാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പോലിസ് സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിട്ടും ഐജി നിരോധനം തുടരുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി ചെന്നിത്തലയുമായുള്ള അടുപ്പം മുതലെടുത്താണ് ഇക്കാര്യത്തില്‍ സംഘപരിവാര നിലപാട് അദ്ദേഹം തുടര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതിന്റെ സന്തോഷത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച അതീവ രഹസ്യമായി പോലിസ് അക്കാദമിയിലെ കാന്റീനില്‍ ഇടതുപക്ഷ സംഘടനകള്‍ ബീഫ് വിളമ്പിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ മുന്നോട്ടുവന്ന ഐജിക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണു മറുപടി നല്‍കിയത്. ആളുകള്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് തടയാന്‍ ഒരു ഓഫിസര്‍ക്കും അധികാരമില്ലെന്ന് ആദ്യ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പിണറായി വ്യക്തമാക്കി. ഇതോടെ ബീഫ് വിളമ്പിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍നിന്ന് ഐജി പിന്നാക്കം പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് റിപോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ ആദ്യവാരത്തോടെ തൃശൂര്‍ പോലിസ് അക്കാദമിയിലെ ബീഫ് നിരോധനം പഴങ്കഥയാവുമെന്നാണു സൂചന. ബീഫ് വിളമ്പാന്‍ ആരംഭിക്കുന്നതോടൊപ്പം സുരേഷ്‌രാജ് പുരോഹിതിനെ സ്ഥലംമാറ്റുമെന്നും സൂചനയുണ്ട്. പോലിസ് അക്കാദമിയിലെ ഔദ്യോഗിക വാഹനങ്ങള്‍ പ്രായപൂര്‍ത്തിയാവാത്ത പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ഓടിച്ച സംഭവത്തില്‍ ഐജിക്കും മകനുമെതിരേ കേസെടുത്ത് അന്വേഷണം നടത്താനും ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ഐജി കോടതിയില്‍നിന്നു സമ്പാദിച്ച സ്റ്റേ നീക്കാനുള്ള നടപടികളും വരുംദിവസങ്ങളില്‍ നിയമവകുപ്പ് ആരംഭിക്കും. മകന്റെ അനധികൃത ഡ്രൈവിങ് വിവരം പുറത്തുവിട്ടവര്‍ക്കെതിരേ ഐജി സ്വീകരിച്ച ശിക്ഷാനടപടികളെക്കുറിച്ചും ആഭ്യന്തരവകുപ്പ് പുനരാലോചന നടത്തുമെന്നറിയുന്നു.
Next Story

RELATED STORIES

Share it