thrissur local

തൃശൂര്‍ പൂരം : ഇത്തവണ ഏറെ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും

തൃശൂര്‍: പതിവിനുമപ്പുറം സമഗ്രമായ സുരക്ഷാ സംവിധാനങ്ങളോടെയും മുന്‍ കരുതലുകളോടെയുമാണ് ഇക്കുറി തൃശൂര്‍ പൂരത്തിന് അരങ്ങൊരുങ്ങിയത്. കൊല്ലം പറവൂരില്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തി ല്‍ വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടായിരുന്നു ഇത്തവണ സുരക്ഷാ ക്രമീകരണങ്ങള്‍.
പോലിസ്, റവന്യു വകുപ്പുകളുടെ ഏകോപനത്തിലൂടെ ഒരുക്കിയ ക്രമീകരണങ്ങള്‍ അതുകൊണ്ടുതന്നെ ശ്രദ്ധേയമായി. ദേശീയ ദുരന്ത നിവാരണ സേനയിലെ 47 പേര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണു പൂരനഗരയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനെത്തിയിരുന്നത്. ദുരന്തനിവാരണ സേന അസി. കമാന്റന്റ് വിനോജ് ജോസഫിന്റെ നേതൃത്വത്തിലെത്തിയ അംഗങ്ങള്‍ പൂരാഘോഷത്തിന്റെ ഓരോ ഘട്ടത്തിലും നിരീക്ഷണം ശക്തമാക്കി. ദുരന്ത നിവാരണ സംവിധാനത്തിന്റെ ഭാഗമായി പൂരനഗരിയിലെ പത്തിടങ്ങളിലാണ് പ്രത്യേക ഹാംറോഡിയോ സംവിധാനവും ഒരുക്കിയിരുന്നത്.
പ്രത്യേക സുരക്ഷയുടെ ഭാഗമായി നഗരത്തിന്റെ മുഴുവന്‍ മേഖലയും കവര്‍ ചെയ്യുന്ന തരത്തില്‍ നാല്‍പ്പതോളം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി 25 ഡിവൈഎസ്പിമാരും 54 സിഐമാരും 250 എസ്‌ഐമാരും നേതൃത്വം നല്‍കുന്ന 2500ഓളം സിവില്‍ പോലിസ് ഓഫിസര്‍മാരുടെ സംഘം പൂരപ്പറമ്പിലുണ്ടായിരുന്നു. തേക്കിന്‍കാട് മൈതാനി അഞ്ചു സോണുകളായി തിരിച്ചാണ് പോലിസിനെ വിന്യസിച്ചത്. വടക്കുംനാഥ ക്ഷേത്രത്തെ മാത്രം ഒരു പ്രത്യേക സോണാക്കിയിരുന്നു.
സ്വരാജ് റൗണ്ടിനെ നാലു സെഗ്‌മെന്റുകളാക്കിയും എംഒ റോഡ് മുതല്‍ കോര്‍പ്പറേഷന്‍ ഓഫിസ് വരെയുള്ള ഭാഗം പ്രത്യേക സെഗ്‌മെന്റായും തിരിച്ചാണ് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയത്. സെഗ്‌മെന്റുകളും സോണുകളും ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ കീഴില്‍ ജില്ലാ നോഡല്‍ ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു ഹാം റേഡിയോ സംവിധാനം ഒരുക്കിയിരുന്നത്. വെരി ഹൈ ഫ്രീക്വാന്‍സി ഉപയോഗിച്ചുള്ള ഹാം റേഡിയോ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.
കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സ്‌ഫോടക വസ്തു നിവാരണ സേനയും പൂരനഗരിയിലെത്തിയിരുന്നു. വെടിക്കെട്ടിന്റെ ശബ്ദ-സ്‌ഫോടന തീവ്രത, ഉപയോഗിച്ച രാസ വസ്തുക്കള്‍, നിര്‍മാണ രീതികള്‍ എന്നിവ സ്‌ഫോടക വസ്തു നിവാരണ സേന പരിശോധിച്ചു.
റവന്യൂ വകുപ്പിന്റെ സഹായത്തോടെയായിരുന്നു ഇത്. പോലിസും റവന്യുവകുപ്പും മറ്റു വകുപ്പുകളും തമ്മിലുള്ള ഏകോപനമായിരുന്നു പൂരത്തിന്റെ നടത്തിപ്പു ശ്രദ്ധേയമാക്കിയത്. വാഹന ക്രമീകരണം, നിരീക്ഷണം, വെടിക്കെട്ടിന്റെ വിന്യാസ ക്രമീകരണങ്ങള്‍ തുടങ്ങി തികഞ്ഞ ജാഗ്രതയോടെയായിരുന്നു പൂരമഹോല്‍സവ സംഘാടകര്‍.
Next Story

RELATED STORIES

Share it