thrissur local

തൃശൂര്‍ നഗരത്തിലെ കുടിവെള്ളക്ഷാമം: വിതരണം കാര്യക്ഷമമാക്കാന്‍ സമയബന്ധിത പരിപാടി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കലക്ടറേറ്റില്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കരുവന്നൂര്‍ പുഴയില്‍ നിന്ന് ജലം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി നടപ്പാക്കുന്ന 120 കോടിയുടെ നിര്‍ദിഷ്ട പദ്ധതി നഗരത്തിലെയും സമീപസ്ഥലങ്ങളായ 10 പഞ്ചായത്തുകളിലേയും ജലവിതരണം സുഗമമാക്കാന്‍ സഹായകമാവുമെന്ന് ജല അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
പഞ്ചായത്തുകളുടെ വിഹിതമായ 30 കോടി ഇതിനകം ലഭ്യമായി. പദ്ധതിക്കാവശ്യമായ വല്ലച്ചിറ പഞ്ചായത്തിലെ തിരുക്കുഴിയില്‍ കണ്ടെത്തിയിട്ടുള്ള ഭൂമി വില കൊടുത്ത് വാങ്ങുന്നത് സംബന്ധിച്ച നടപടി ഏകോപിക്കുവാന്‍ മന്ത്രി ജില്ലാ കലക്ടര്‍ വി രതീശന് നിര്‍ദേശം നല്‍കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 55 ലക്ഷം ലിറ്റര്‍ അധികജലം നഗരത്തിലും പരിസരത്തും വിതരണത്തിനായി ലഭ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന പീച്ചി പദ്ധതിയുടെ ഭാഗമായ പീച്ചി ഡാമിന് സമീപത്തുള്ള ജലശുദ്ധീകരണശാല മൂന്നു കോടി ചെലവില്‍ നവീകരിക്കുന്നതോടെ 14 ലക്ഷം ലിറ്റര്‍ ജലം അധികമായി വിതരണത്തിന് ലഭ്യമാവും. പ്ലാന്റിലേക്ക് മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ പ്രതേ്യക ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കാന്‍ കഴിഞ്ഞാല്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
ആകെ 1.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇതിലേക്കായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച് വിശദമായ പദ്ധതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരത്തിന്റെ പല ഭാഗങ്ങളിലും ജല വിതരണത്തിന് ഉപയോഗിക്കുന്ന പഴയ പ്രിമോ പെപ്പുകള്‍ മാറ്റുന്നതിനുളള നടപടികള്‍ ത്വരിത പ്പെടുത്താനും മന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പഴയ പെപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് തടയാന്‍ ഇത് ഉപകരിക്കും. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് ഉദേ്യാഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
നഗരത്തില്‍ ലഭ്യമായിട്ടുള്ള വിവിധ ജല സ്രോതസ്സുകളിലെ വെള്ളം പഠന വിധേയമാക്കിയ ശേഷം ജനങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയുമെങ്കില്‍ അവ ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായ പ്രോജക്ട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ദേശം തൃശൂര്‍ കോര്‍പറേഷന്‍ പരിഗണിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട എംഎല്‍എമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ എന്നിവരുടെ യോഗം ഉടന്‍ വിളിക്കാനും യോഗം തീരുമാനിച്ചു. ജല അതോറിറ്റി ഉദേ്യാഗസ്ഥന്‍മാരായ പി എന്‍ പ്രവീണ്‍കുമാര്‍, സി കെ സജി, പൗളി പീറ്റര്‍, ബെന്നി പങ്കെടുത്തു.
Next Story

RELATED STORIES

Share it