തൃശൂര്‍: എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം

പി എച്ച് അഫ്‌സല്‍

തൃശൂര്‍: ജില്ലയില്‍ മൊത്തം 13 സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് എല്‍ഡിഎഫിനും ആറ് യുഡിഎഫിനും ലഭിച്ചു. ഇത്തവണയും അവസാന ലാപ്പില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിന് തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ചേലക്കര, പുതുക്കാട്, നാട്ടിക, കൈപ്പമംഗലം മണ്ഡലങ്ങള്‍ ഇത്തവണയും കൂടെ നില്‍ക്കാനാണു സാധ്യത. ചേലക്കരയില്‍ യു ആര്‍ പ്രദീപും പുതുക്കാടും നാട്ടികയിലും സിറ്റിങ് എംഎല്‍എമാരായ പ്രഫ. സി രവീന്ദ്രനാഥും ഗീതാഗോപിയും കൈപ്പമംഗലത്ത് സിപിഐയിലെ ഇ ടി ടൈസണ്‍ മാസ്റ്ററുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
കെ വി അബ്ദുല്‍ഖാദര്‍ 9968 വോട്ടിന് വിജയിച്ച ഗുരുവായൂര്‍ എല്‍ഡിഎഫ് ഉറപ്പിച്ച സീറ്റായിരുന്നെങ്കിലും മുസ്‌ലിംലീഗിലെ പി എം സാദിഖലി യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ പോരാട്ടം കനത്തു. 2011ല്‍ 481 വോട്ടിന് നഷ്ടപ്പെട്ട മണലൂര്‍ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. മുരളി പെരുനെല്ലിയെ രംഗത്തിറക്കിയതോടെ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് എല്‍ഡിഎഫ് ക്യാംപിലെ പ്രതീക്ഷ. ഒ അബ്ദുറഹ്മാന്‍ കുട്ടിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. 2549 വോട്ടിന് വിജയിച്ച ചാലക്കുടിയില്‍ സിറ്റിങ് എംഎല്‍എ ബി ഡി ദേവസ്സിയെ തന്നെ സ്ഥാനാര്‍ഥിയാക്കിയത് സീറ്റ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് എല്‍ഡിഎഫിന് ഉറപ്പുണ്ട്. യുഡിഎഫിലെ ടി യു രാധാകൃഷ്ണനാണു മുഖ്യ എതിരാളി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിച്ചത്. കേരള കോണ്‍ഗ്രസ്സി(എം)ലെ തോമസ് ഉണ്ണിയാടന്‍ 12404 വോട്ടിനു വിജയിച്ച ഇരിങ്ങാലക്കുടയില്‍ ഇത്തവണയും സ്ഥാനാര്‍ഥിയായ അദ്ദേഹത്തിനു മുന്‍തൂക്കമുണ്ട്. പ്രഫ. കെ യു അരുണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തൃശൂരില്‍ ലീഡറുടെ മകള്‍ പത്മജ വേണുഗോപാലിനെ യുഡിഎഫ് മല്‍സരരംഗത്തിറക്കിയെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. ജനകീയനായ വി എസ് സുനില്‍കുമാറിനെ എല്‍ഡിഎഫ് കളത്തിലിറക്കിയതും ബിജെപി സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ പെട്ടിയിലാക്കുന്ന വോട്ടുകളും യുഡിഎഫിന് കനത്ത വെല്ലുവിളിയാവും. യുവ നേതാവ് അനില്‍ അക്കരയെ സ്ഥാനാര്‍ഥിയാക്കിയതു വടക്കാഞ്ചേരിയില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നുണ്ട്. മേരി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
481 വോട്ടിന് നഷ്ടപ്പെട്ട കുന്നംകുളം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എ സി മൊയ്തീനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 6247 വോട്ടിന്റെ ഭൂരിപക്ഷത്തിന് എംഎല്‍എ ആയ യുഡിഎഫിന്റെ എം പി വിന്‍സെന്റ് മല്‍സരിക്കുന്ന ഒല്ലൂരില്‍ സിപിഐയുടെ അഡ്വ. കെ രാജന്‍ കാര്യമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ പി ധനപാലന് നേരിയ മുന്‍തൂക്കമുണ്ട്. അഡ്വ. വി ആര്‍ സുനില്‍ കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഏഴു മണ്ഡലങ്ങളില്‍ എസ്ഡിപിഐ മല്‍സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500 നു താഴെ വോട്ടുകള്‍ വിജയം നിര്‍ണയിച്ച മണലൂരും കുന്നംകുളത്തും എസ്ഡിപിഐ സ്ഥാനാര്‍ഥികളുണ്ട്. 2011ല്‍ മണലൂരില്‍ എസ്ഡിപിഐ 2293 വോട്ട് നേടിയിരുന്നു. കെ കെ ഹുസയ്‌റാണ് ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it