thrissur local

തൃശൂരില്‍ വന്‍ ജലപാത വികസന പദ്ധതി വരുന്നു

തൃശൂര്‍: ദേശീയജലപാതയുമായി ബന്ധപ്പെടുത്തി തൃശൂര്‍ കോള്‍നിലങ്ങളിലെ തോടുകള്‍ പ്രയോജനപ്പെടുത്തി വന്‍ജലപാത വികസനപദ്ധതി വരുന്നു. വഞ്ചിക്കുളത്തില്‍ മിനി കാര്‍ഗോ തുറമുഖവും പദ്ധതിയുടെ ഭാഗമാണ്.നാറ്റ് പാക്കിന്റെ ജലഗതാഗതവിഭാഗം കണ്‍സള്‍ട്ടന്റ് ജി പ്രശാന്തിന്റെ നേതൃത്വത്തില്‍ ദേശീയ ജലപാത അതോറിറ്റിയിലെ വിദഗ്ദ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ദിവസമായി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ തോടുകളില്‍ സഞ്ചരിച്ച് സര്‍വ്വേ നടത്തി.
തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ സര്‍ക്കാരില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കാന്‍ സാധ്യതാപഠനത്തിന് നാറ്റ് പാക്കിനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വെ.തൃശൂരിന്റെ പടിഞ്ഞാറന്‍ മേഖലയെ ബന്ധപ്പെടുത്തി വന്‍ജലഗതാഗതവികസന സാധ്യതയാണുള്ളതെന്ന് അതോറിറ്റി ചെയര്‍മാന്‍ കെ രാധാകൃഷ്ണനും ദേശീയ ജലപാത അതോറിറ്റിയില്‍ ജലപാത പഠനാസൂത്രണവിഭാഗം മുന്‍ മേധാവികൂടിയായിരുന്ന പ്രശാന്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത പൂര്‍ത്തിയായ സാഹചര്യത്തില്‍ കോട്ടപ്പുറം-കോഴിക്കോട് 160 കിലോമീറ്റര്‍ ജലപാത ഏറ്റെടുക്കാന്‍ ഇയ്യിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദേശീയ ജലപാതയാകുന്ന കനോലികനാലിനെ ബന്ധപ്പെടുത്തി തൃശൂരിനെ ബന്ധിപ്പിച്ചുള്ള സാധ്യതാപഠനത്തിന് തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കു കേന്ദ്രസഹായവും ലഭിക്കും.കാര്‍ഗോ, ടൂറിസം എന്നിവയെ ബന്ധപ്പെടുത്തിയാണ് വികസന സാദ്ധ്യത പരിശോധിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ വന്‍സാധ്യതയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏനാമാവില്‍ നിന്നും പുഴക്കല്‍വരേയും, പുഴക്കല്‍നിന്ന് മനക്കൊടിവരേയും സംഘം രണ്ടു ദിവസങ്ങളിലായി വഞ്ചിയില്‍ തോട്ടിലൂടെ സഞ്ചരിച്ചായിരുന്നു പരിശോധന നടത്തിയത്.
കനാലിന്റെ ആഴവും ജി.പി.ആര്‍.എസ് സാറ്റലൈറ്റ് സംവിധാനത്തില്‍ പ്രൊസീഷനും, യന്ത്രസംവിധാനത്തിലൂടെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയായിരുന്നു പരിശോധന. പുഴക്കല്‍-ഏനാമാവ് കനാലില്‍ 1.6 മുതല്‍ 4 മീറ്റര്‍ വരെ ആഴമുള്ളതിനാല്‍ ടൂറിസം വികസനത്തിന് ഏറ്റവും അനുയോജ്യമാണെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം മനക്കൊടി വരെയുള്ള കനാലില്‍ 1.5 മീറ്ററേ ആഴമുള്ളൂ. കൊക്കാല വഞ്ചിക്കുളം ഭാഗത്ത് 60 സെന്റിമീറ്ററേ ആഴമുള്ളൂ. ആഴം കൂട്ടാനും വീതികൂട്ടാനുമുള്ള സാധ്യതകളും പാരിസ്ഥിതികപ്രശ്‌നങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്.പല പാലങ്ങളും പൊളിച്ചുപണിയേണ്ടി വരും.
ദേശീയ ജലപാതയുടെ വീതി 32 മീറ്ററാണ്. ആഴം രണ്ട് മീറ്ററും കനോലികനാലില്‍നിന്നും കരുവന്നൂര്‍ പുഴ വഴി തൃശൂരിലേക്കുള്ള മനഷ്യനിര്‍മ്മിത പുത്തന്‍തോടിന് 18 മീറ്റര്‍ വീതിയുണ്ട്. കോള്‍പാടത്തു പല തോടുകള്‍ക്കും അതിലും വീതിയുണ്ട്. കൊക്കാല വഞ്ചിക്കാവ് വികസിപ്പിച്ച 350 ടണ്‍ വരെ ഭാരംവഹി വഹിക്കാവുന്ന ബാര്‍ളകള്‍ക്കു തുറമുഖ സൗകര്യമൊരുക്കാനാകുമെന്നദ്ദേഹം പറഞ്ഞു.ദേശീയ ജലപാത രണ്ട് വരി ഗതാഗത യോഗ്യമായതാണ്. കോതമംഗലം എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളും സര്‍വ്വേക്കു സഹായത്തിനുണ്ടായിരുന്നു. സാധ്യതാപഠനം റിപ്പോര്‍ട്ട് താമസിയാതെ സര്‍ക്കാരിനെ സമര്‍പ്പിക്കുമെന്ന് പ്രശാന്ത് അറിയിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കൊച്ചി- തൃശൂര്‍ ജലപാത നിലവിലുണ്ടായിരുന്നു. അത് പുനസ്ഥാപിക്കുന്നതാണ് പദ്ധതി.
Next Story

RELATED STORIES

Share it