തൃശൂരില്‍ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാരുടെ ജില്ല എന്ന ബഹുമതി തൃശൂരിനു സ്വന്തം. ഇരുമുന്നണികളും മല്‍സരിച്ചാണ് മുന്‍ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത്.
ഇരിങ്ങാലക്കുടയില്‍ സ്ഥിരിമായി ജയിച്ചുവരുന്ന കേരളാ കോണ്‍ഗ്രസ്(എം) നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ മാത്രമാണ് ഇത്തവണ പഴയ മണ്ഡലത്തില്‍തന്നെ യുഡിഎഫിനുവേണ്ടി മല്‍സരിക്കുന്ന ഏക സ്ഥാനാര്‍ഥി. ഒല്ലൂരില്‍നിന്ന് ആദ്യമായി മല്‍സരിച്ച് നിയമസഭയിലെത്തിയ എം പി വിന്‍സന്റിനെ പാര്‍ട്ടി ഇത്തവണ സിപിഎം കോട്ടയായ പുതുക്കാട് പിടിച്ചെടുക്കാനാണു രംഗത്തിറിക്കിയിരിക്കുന്നത്. രണ്ടുതവണ ഇവിടെനിന്നു വിജയിച്ച പ്രഫ. സി രവീന്ദ്രനാഥ് തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി.
80കാരനായ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ 77കാരനായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍, പി എ മാധവന്‍ എന്നിവരെയാണ് ഇത്തവണ യുഡിഎഫ് മല്‍സരത്തില്‍നിന്ന് ഒഴിവാക്കിയത്. പ്രതാപന്‍ സീറ്റ് വേണ്ടെന്നു പ്രഖ്യാപിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇടതുപക്ഷത്തും വലിയ നഷ്ടമാണ് സിറ്റിങ് എംഎല്‍മാര്‍ക്കു നേരിട്ടിരിക്കുന്നത്. കുന്നംകുളം ബാബു എം പാലിശ്ശേരി, ചേലക്കര കെ രാധാകൃഷ്ണന്‍ എന്നിവരാണ് അങ്കത്തട്ടില്‍നിന്ന് ഒഴിവായത്. എന്നാല്‍, രണ്ട് മുന്‍ എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്. സിപിഎമ്മിലെ ചാലക്കുടിയില്‍ ബി ഡി ദേവസ്യ, ഗുരുവായൂരില്‍ കെ വി അബ്ദുല്‍ ഖാദര്‍, പുതുക്കാട് സി രവീന്ദ്രനാഥ്, നാട്ടികയില്‍ ഗീത ഗോപി എന്നിവരും കയ്പമംഗലം സിറ്റിങ് എംഎല്‍എ വി എസ് സുനില്‍കുമാര്‍ തൃശൂരിലും ജനവിധി തേടുന്നു.
വടക്കാഞ്ചേരിയെ മൂന്നുതവണ പ്രതിനിധീകരിച്ച എ സി മൊയ്തീന്‍ കുന്നംകുളത്തും മണലൂരിലെ മുന്‍ എംഎല്‍എ മുരളി പെരുനല്ലി അതേ മണ്ഡലത്തിലും വീണ്ടും ജനവധി തേടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നായി തൃശൂര്‍ മാറിക്കഴിഞ്ഞു. കരുണാകരന്റെ തട്ടകമായിരുന്ന ഇവിടെ ഇത്തവണ മകള്‍ പത്മജയാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it