തൃപ്പൂണിത്തുറ: ബാബുവിനെ വീഴ്ത്തി കോട്ടപിടിക്കാന്‍ സ്വരാജ്

കൊച്ചി: കെ ബാബുവിനെ വീഴ്ത്തി തൃപ്പൂണിത്തുറ സീറ്റ് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ എം സ്വരാജിനെ സിപിഎം ഏല്‍പിച്ചിരിക്കുന്നത്. കെ ബാബു യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് തൃപ്പൂണിത്തുറ സിപിഎമ്മിന് നഷ്ടമായത്. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും തൃപ്പൂണിത്തുറ പിടിക്കാന്‍ സിപിഎം പലരെയും പരീക്ഷിച്ചെങ്കിലും കെ ബാബുവിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല.
എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയനായിട്ടാണ് കെ ബാബു ആറാം വട്ടം അങ്കത്തിനിറങ്ങുന്നത്.
ബാര്‍കോഴയില്‍ പ്രചാരണം കൊഴുപ്പിച്ച് ഇത്തവണ സീറ്റു പിടിക്കണമെന്ന് ഉറച്ച വിശ്വാസത്തിലാണ് സിപിഎം. ഇതിനായി പലരെയും സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് പരിഗണിച്ചുവെങ്കിലും ഒടുവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എം സ്വരാജിനെ കളത്തിലിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി സംഘടനാ തലത്തില്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജിന് ഇത് കന്നിയങ്കമാണ്.
വിഎസ് പക്ഷത്തിനു മുന്‍തൂക്കമുളള മണ്ഡലമാണ് തൃപ്പൂണിത്തുറ. വിഎസിനെതിരേ സ്വരാജ് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഒരിടയ്ക്ക് സജീവമായി വാര്‍ത്തകള്‍ പ്രചരിച്ചിരിന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് സ്വരാജ് പറയുന്നത്. അത്തരത്തില്‍ താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇത്തരം പ്രചാരണം നടത്തുന്നവര്‍ ഇതു സംബന്ധിച്ച് വീഡിയോ ക്ലിപ്പിങുകളോ ശബ്ദരേഖയോ ഹാജരാക്കിയാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സ്വരാജ് പറയുന്നു.
മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറായിരുന്ന പി എന്‍ മുരളീധരന്‍ നായരുടെയും സുമാംഗിയമ്മയുടെയും മകനാണ് സ്വരാജ്.
Next Story

RELATED STORIES

Share it