ernakulam local

തൃപ്പൂണിത്തുറയിലെ ടോള്‍മേള: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

കൊച്ചി: തൃപ്പൂണിത്തുറ നിവാസികള്‍ക്ക് നഗരത്തിനു പുറത്ത് കടക്കണമെങ്കില്‍ മൂന്നിലേറെ സ്ഥലങ്ങളില്‍ ടോള്‍ നല്‍കണമെന്ന വ്യവസ്ഥയ്‌ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചീഫ് സെക്രട്ടറിയില്‍നിന്നും വിശദീകരണം തേടി.
തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍സ് ജോയിന്റ് കണ്‍വീനര്‍ വി സി ജയേന്ദ്രന്‍ സമര്‍പിച്ച പരാതിയിലാണ് നടപടി. വിശദീകരണം ജൂണ്‍ 13ന് സമര്‍പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തൃപ്പൂണുത്തുറയില്‍നിന്നും
കിഴക്കോട്ട് പോവണമെങ്കില്‍ എസ്എന്‍ ജങ്ഷന്‍ മേല്‍പാലത്തിലും പടിഞ്ഞാറ് മിനി ബൈപാസിലും തെക്ക് മുറിഞ്ഞപ്പുഴ, കുണ്ടന്നൂര്‍, കുമ്പളം, എരൂര്‍ പാലങ്ങളിലും ടോള്‍ കൊടുക്കണമെന്ന് വി സി ജയേന്ദ്രന്‍ സമര്‍പിച്ച പരാതിയില്‍ പറയുന്നു. 15 കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെടുന്നു. സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് മുറിച്ച് കടക്കണമെങ്കിലും ടോള്‍ നല്‍കണം.
മൂവാറ്റുപുഴയിലേക്ക് പോയാലും ടോള്‍ കൊടുക്കണം. തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന്‍ മേല്‍പാലത്തിലും ചിത്രപ്പുഴ മേല്‍പാലത്തിലും നിര്‍മാണ ചെലവിന്റെ മൂന്നിരട്ടി പിരിച്ചു കഴിഞ്ഞിട്ടും ടോള്‍ പിരിവ് നടക്കുന്നതായി പരാതിയില്‍ പറയുന്നു. മിനി ബൈപാസിലെ പാലത്തിന്റെ നിര്‍മാണചെലവ് 10 കോടിയില്‍ താഴെയാണെങ്കിലും ടോള്‍ പിരിവ് തുടരുന്നതായും പരാതിയില്‍ പറയുന്നു.
അതേസമയം കേരളത്തില്‍ 10 കോടിയില്‍ കൂടുതല്‍ നിര്‍മാണ ചെലവുള്ള ആറു പാലങ്ങള്‍ക്ക് ടോള്‍ പിരിക്കാത്ത സമയത്താണ് ഇവിടെ ടോള്‍ പിരിവ് നടക്കുന്നത്.
കേസ് ജൂണ്‍ 23ന് എറണാകുളം കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it