തൃത്താലയില്‍ ബല്‍റാമിന്റെ ബലം ആവര്‍ത്തിക്കുമോ ?

സി കെ ശശി ചാത്തയില്‍

ആനക്കര: രാഹുല്‍ഗാന്ധിയുടെ നോമിനേഷനിലൂടെയാണ് വി ടി ബല്‍റാമെന്ന യുവരക്തത്തെ കഴിഞ്ഞതവണ തൃത്താലയിലേക്കു നിയോഗിച്ചത്. എന്നും ഉറച്ച ചെങ്കോട്ടയായി നിലനിന്ന തൃത്താല പിടിച്ചെടുക്കാനാവുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും അന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍, ഏവരേയും ഞെട്ടിച്ചു കൊണ്ടു മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബല്‍റാം ജയിച്ചു കയറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഹുഭൂരിഭാഗവും എല്‍ഡിഎഫ് ഭരിച്ചിട്ടും പാര്‍ട്ടിയിലെ അനൈക്യമായിരുന്നു അന്നു യുഡിഎഫിന് അട്ടിമറി ജയം സമ്മാനിച്ചത്.
എല്‍ഡിഎഫിലെ പി മമ്മിക്കുട്ടിക്കെതിരേ 3197 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബല്‍റാം വിജയിച്ചത്. എന്നാല്‍, നേരിയ വ്യത്യാസത്തിന് കൈവിട്ട തങ്ങളുടെ ചെങ്കോട്ട തിരിച്ചുപിടിക്കാ ന്‍ അരയും തലയും മുറുക്കിയാണ് ഇടതുപക്ഷം ഇക്കുറി രംഗത്തെത്തിയിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ കഴിവുതെളിയിച്ച വനിതാ നേതാവായ സുബൈദ ഇസ്ഹാക്കിനെയാണ് തൃത്താല പിടിച്ചെടുക്കാന്‍ ഇടതു പക്ഷം നിയോഗിച്ചിട്ടുള്ളത്. ഫേസ്ബുക്ക് വികസനം മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തിലുണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് സുബൈദയുടെ പ്രചാരണം.
ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച ഭരണാധികാരിയെന്നു തെളിയിച്ച സുബൈദയ്ക്കു നിയമസഭയിലേക്ക് ഇതു കന്നിയങ്കമാണ്. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വിളയൂരിനെ തിരഞ്ഞെടുത്തു. പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഘട്ടത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്തും സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
പെരിന്തല്‍മണ്ണ താഴേക്കോടു സ്വദേശിനിയായ സുബൈദ സിപിഎം പട്ടാമ്പി ഏരിയകമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ്, ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചക്കുന്നുണ്ട്.
എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങളൊന്നും സിറ്റിങ് എംഎല്‍എ ആയ ബല്‍റാമിനെ തെല്ലും അലട്ടുന്നില്ല. അഞ്ചു വര്‍ഷം താന്‍ നടത്തിയ വികസന നേട്ടങ്ങളിലൂടെ ഒരിക്ക ല്‍ കൂടി തൃത്താലയുടെ മനം കവരാന്‍ തനിക്കാവുമെന്നു തന്നെയാണ് ബല്‍റാം വിശ്വസിക്കുന്നത്. തന്റെ വികസനനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ക്കൂടി പ്രചരിച്ചിട്ടുള്ളതിനാല്‍ യുവാക്കള്‍ പൂര്‍ണമായും തനിക്കൊപ്പം നില്‍ക്കും. ഇടതുപക്ഷത്തിന്റെ കടന്നാക്രമണങ്ങളേക്കാള്‍ കൂടുതലാണ് ബല്‍റാമിനു സംഘപരിവാരസംഘടനകളില്‍ നിന്നുള്ള ഭീഷണി. സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാരത്തിന്റെ പല കുപ്രചാരണങ്ങളുടെയും മുനയൊടിക്കാന്‍ ബല്‍റാമിനു കഴിഞ്ഞത് കുറച്ചൊന്നുമല്ല അവരെ അലോസരപ്പെടുത്തുന്നത്.
സംഘപരിവാര സംഘടനകളിലെ സജീവ പ്രവര്‍ത്തകയായ പട്ടാമ്പി ഗവ. സംസ്‌കൃതകോളജ് റിട്ട. വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രഫ. വിടി രമയാണ് ബിജെപി സ്ഥാനാര്‍ഥി. ബല്‍റാമിന് ലഭിക്കാവുന്ന സവര്‍ണ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി വീഴുന്ന തരത്തിലുള്ള ഹിന്ദുകാര്‍ഡാണ് ബിജെപി മണ്ഡലത്തില്‍ പ്രചാരണത്തിനിറക്കിയിരിക്കുന്നത്. ബല്‍റാം തികഞ്ഞ ഹിന്ദുവിരുദ്ധനെന്ന പ്രചാരണം ബിജെപി വ്യാപകമായി അഴിച്ചുവിടുന്നു. താനൊരു ഹിന്ദുവല്ലെന്ന് വി ടി ബല്‍റാം പറഞ്ഞതായും ബല്‍റാം ഇടത്തോട്ട് മുണ്ടു ചുറ്റിയുളള ഫഌക്‌സുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ത്തിയുമാണ് ബിജെപിയുടെ പ്രചാരണം.
എസ്ഡിപിഐ സ്ഥാനാര്‍ഥി സി പി മുഹമ്മദാലിയും സജീവ പ്രചാരണങ്ങളുമായി മല്‍സര രംഗത്തുണ്ട്. ഇരു മുന്നണികളേയും മാറി മാറി പരീക്ഷിച്ചു മടുത്ത മണ്ഡലത്തിലെ ജനങ്ങള്‍ ഇക്കുറി എസ്ഡിപിഐക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കെത്തി പാര്‍ട്ടിയുടെ ജില്ലയിലെ അമരക്കാരനും സംസ്ഥാനകമ്മിറ്റിയംഗവുമായ മുഹമ്മദാലി പറയുന്നു. ഇരുമുന്നണികള്‍ക്കും അപരന്‍മാരുടെ ഭീഷണിയും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it