malappuram local

തൃക്കുളം ഗവ. ഹൈസ്‌കൂളില്‍ അധ്യയനം പ്രതിസന്ധിയിലാവുമെന്ന് ആശങ്ക

തിരൂരങ്ങാടി: ബുധനാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ അധ്യയനം പ്രതിസന്ധിയിലാവുമെന്ന് ആശങ്ക. 2013ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും തൃക്കുളം ഹൈസ്‌കൂളില്‍ ആവശ്യത്തിനുള്ള അധ്യാപക നിയമനവും കെട്ടിട നിര്‍മാണവും പൂര്‍ത്തിയായിരുന്നില്ല.
23 അധ്യാപകര്‍ വേണ്ടിടത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അഞ്ച് അധ്യാപകര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി 15 അധ്യാപകരെ ദിവസതേനാടിസ്ഥാനത്തില്‍ പിടിഎയാണ് നിയമിച്ചത്. 200 രൂപാ വീതം വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി അധ്യാപക നിയമനങ്ങളടക്കം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല.
എട്ടാംതരം എട്ടു ഡിവിഷനും ഒമ്പതും പത്തും ഏഴു വീതം ഡിവിഷനുകളുമാണുള്ളത്. ചുരുങ്ങിയത് 30 അധ്യാപകരെങ്കിലും വേണ്ടിവരും. ഒരു നേരത്തെയുള്ള അഞ്ചും പുതുതായുള്ള മൂന്നു പേരടക്കം എട്ടുപേരെ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
ഹൈസ്‌കൂള്‍ പ്രഥമാധ്യാപകനെയും ഓഫിസ് ക്ലര്‍ക്കടക്കമുള്ള മറ്റു ജീവനക്കാരെയും നിയമിച്ചിട്ടില്ല. കൂടുതല്‍ ക്ലാസുകള്‍ക്കായി പുതിയ കെട്ടിടങ്ങളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. ഈ വര്‍ഷം ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
എല്‍പി വിഭാഗം ക്ലാസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് തൊട്ടടുത്ത മദ്‌റസയിലാണ്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും ഈ വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് നൂറ് ശതമാനം വിജയം നേടിയിരുന്നു. അധ്യയനം സുഗമമായി നടത്തിക്കൊണ്ട് പോവുന്നതിനായി അടിയന്തര നടപടികളെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും.
Next Story

RELATED STORIES

Share it