ernakulam local

തൃക്കാക്കരയില്‍ വിമതരുടെ പിന്തുണ ഇടതുമുന്നണിക്ക്

കാക്കനാട്: തൃക്കാക്കരയില്‍ വിമതന്‍മാര്‍ ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചു. സിപിഎം റിബലായി മല്‍സരിച്ചു വിജയിച്ച എം എം നാസര്‍ ഇടതുമുന്നണിക്കു പിന്തുണ നല്‍കും. ഇതോടെ ഭരണം എല്‍ഡിഎഫിന് ഉറപ്പായി. കോണ്‍ഗ്രസ് റിബലായി മല്‍സരിച്ചു വിജയിച്ച സാബു ഇന്നലെവരെ യുഡിഎഫിനായിരിക്കും തന്റെ പിന്തുണയെന്നാണ് പറഞ്ഞിരുന്നത്.
യുഡിഎഫ് തന്നെ വഞ്ചിച്ചുവെന്നും അതിനാല്‍ നഗരസഭയില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് സിപിഎം നേതാക്കള്‍ വാഗ്ദാനം നല്‍കിയിട്ടുള്ളത്. അതില്‍ മാറ്റംവന്നാല്‍ നിലപാട് മാറ്റും. ആര്‍ക്കും വോട്ടുചെയ്യാതെ സ്വതന്ത്രനായി കൗണ്‍സിലില്‍ തുടരുമെന്നും സാബു വ്യക്തമാക്കി.
കഴിഞ്ഞ 29 ദിവസമായി ഉറക്കമില്ലാത്ത രാവുകളായിരുന്നു. ഇരുമുന്നണിക്കുംവേണ്ടി പല ഇടനിലക്കാരും പാതിരവരെ ചര്‍ച്ചകളായിരുന്നു. അപ്പോഴൊന്നും ആരോടും വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. ആറുമാസം വരെ സാബു യാതൊരു ഉപാധികളും കൂടാതെ യുഡിഎഫിന് നഗരസഭയില്‍ പിന്തുണ നല്‍കണം.
അതിനുശേഷം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഇന്നലെ രാത്രിയില്‍ ചെമ്പുമുക്ക് പള്ളിയിലെ അച്ചന്‍, എംഎല്‍എ പറഞ്ഞതായി തന്നെ അറിയിച്ചുവെന്ന് സാബു പറഞ്ഞു. അതിനുശേഷമാണ് എല്‍ഡിഎഫിനു പിന്തുണ നല്‍കുന്ന കാര്യം ഉറപ്പിച്ചതെന്നും സാബു വ്യക്തമാക്കി.
തനിക്കു വൈസ് ചെയര്‍മാന്‍ സ്ഥാനം, ഏറ്റവും സീനിയറായ അജിത തങ്കപ്പന് ചെയര്‍മാന്‍ സ്ഥാനം, ഇതു സംബന്ധിച്ച് ചര്‍ച്ചകളിലൊന്നും കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം നേതാക്കളെ ഉള്‍പ്പെടുത്തരുത്. ഇതായിരുന്നു പിന്തുണയ്ക്ക് പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നതെന്നും സാബു ഫ്രാന്‍സിസ് പറഞ്ഞു.
യുഡിഎഫ് 21, എല്‍ഡിഎഫ് 20, രണ്ടു വിമതര്‍ എന്നിങ്ങനെയാണ് തൃക്കാക്കരയില്‍ കക്ഷിനില.
Next Story

RELATED STORIES

Share it