kasaragod local

തൃക്കരിപ്പൂര്‍ സബ് ട്രഷറി വാഗ്ദാനത്തിലൊതുങ്ങുന്നു

തൃക്കരിപ്പൂര്‍: നിര്‍ത്തലാക്കിയ ഏകാംഗ ട്രഷറിക്ക് പകരം തൃക്കരിപ്പൂരില്‍ സബ് ട്രഷറി സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ജലരേഖയായി. ഇതുസംബന്ധിച്ച് ധനകാര്യ മന്ത്രിയുടെ മുന്നില്‍ ഉണ്ടായിരുന്ന ഫയല്‍ മടക്കി അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ബജറ്റിലാണ് തൃക്കരിപ്പൂര്‍ സബ് ട്രഷറി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ബജറ്റില്‍ ട്രഷറിയെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. 2012 നവംബര്‍ 17ന് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് എം-ഗവേണന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.ധനകാര്യ മന്ത്രിയുമായി ആലോചിച്ച് ഭരണ-പ്രതിപക്ഷ ഭേദമന്യേ ആവശ്യപ്പെട്ട കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ജില്ലയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന തീരദേശ പഞ്ചായത്തുകളായ പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍, ചീമേനി, പിലിക്കോട് എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ കാരടക്കമുള്ള പൊതുജനങ്ങളുടെ ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ഇവിടെ ഏകാംഗ ട്രഷറി സ്ഥാപിച്ചത്. എന്നാല്‍ അധികകാലം അത് മുന്നോട്ട് പോയില്ല. പല കാരണങ്ങള്‍ പറഞ്ഞ് ട്രഷറി അടച്ചുപൂട്ടി. പിന്നീട് നീലേശ്വരം ട്രഷറിയെ ആശ്രയിച്ചാണ് കാര്യങ്ങള്‍ നടത്തിവരുന്നത്. ഇതേ തുടര്‍ന്ന് സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്തും നാട്ടിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതൃത്വവും ശക്തമായി ഇടപെട്ടത് കാരണമാണ് തൃക്കരിപ്പൂര്‍ സബ് ട്രഷറി അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
Next Story

RELATED STORIES

Share it