kasaragod local

തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലം യാഥാര്‍ഥ്യമാവുന്നു

തൃക്കരിപ്പൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ യാത്രക്കാരുടെ അപകടഭീഷണിക്കും ദുരിതത്തിനും അറുതിയാവുന്നു. തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം അവസാനഘട്ടത്തില്ലെത്തി.
ഫണ്ട് അനുവദിച്ച് നാലുവര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണൂരില്‍ നിന്ന് ഫുട്ട് ഓവര്‍ ബ്രിഡ്ജ് വിഭാഗത്തിലെ എന്‍ജിനിയര്‍മാരായ വി എസ് ഷാവിന്‍, കെ വി മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 15 ജീവനക്കാര്‍ രണ്ടു പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഇരുമ്പ് ബീമുകള്‍ പാളത്തിനു കുറുകെ വലിയ ക്രെയിനിന്റെ സഹായത്തോടെ ഉറപ്പിച്ചത്.
2011 നവംബറിലാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് 71.5 ലക്ഷം രൂപ റെയില്‍വേ അനുവദിച്ചത്. 2015 ഫെബ്രുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. രണ്ടാം പ്ലാറ്റ് ഫോമില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എത്തിച്ചേരുന്ന ഭാഗത്താണ് ഇപ്പോള്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് പണി നടക്കുന്നത്. രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ പിന്നെയും വൈകി. സ്ത്രീകളും കുട്ടികളുമാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
ബസ് സ്റ്റാന്റില്‍ നിന്ന് വരുന്നവര്‍ക്ക് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് എത്തിച്ചേരാന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്ക് ചാടണം. തിരികെ കയറാനും സാഹസമാണ്. ഇത്തരത്തിലാണ് ഓണമാഘോഷിക്കാന്‍ എടാട്ടുമ്മലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മംഗളൂരു എക്‌സ്പ്രസിന് എത്തിയ വേളയില്‍ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ പെട്ട് ദാരുണമായി മരിച്ചത്.
Next Story

RELATED STORIES

Share it