kasaragod local

തൃക്കരിപ്പൂര്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫ്; തിരിച്ചുപിടിക്കാന്‍ യുഡിഎഫ്

തൃക്കരിപ്പൂര്‍: മണ്ഡലം രൂപീകരണം മുതല്‍ എല്‍ഡിഎഫിനെ പിന്തുണച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇപ്രാവശ്യം പോരാട്ടം കനക്കുന്നു. 1977ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ ആദ്യ അങ്കത്തില്‍ കേരള കോണ്‍ഗ്രസിലെ പി ജെ ജോസിനെ 6120 വോട്ടിന് പരാജയപ്പെടുത്തി പി കരുണാകരനാണ് ആദ്യം വിജയിച്ചത്. 1980ല്‍ കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണനെ 15437 വോട്ടിന് തോല്‍പ്പിച്ച് പി കരുണാകരന്‍ രണ്ടാം വട്ടവും വിജയം നേടി. 1982ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ ഭരതന്‍ കേരള കോണ്‍ഗ്രസിലെ കെ ടി മത്തായിയെ 12207 വോട്ടിന് തോല്‍പ്പിച്ചു. 1987ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഇ കെ നായനാരുടെ ഊഴമായിരുന്നു.
കോണ്‍ഗ്രസിലെ കെ കുഞ്ഞിക്കൃഷ്ണനെ 6417 വോട്ടിനാണ് നായനാര്‍ അന്ന് തോല്‍പ്പിച്ചത്. നാലുവര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും നായനാര്‍ തൃക്കരിപ്പൂരിലെത്തി. കോണ്‍ഗ്രസിലെ അഡ്വ.സി കെ ശ്രീധരനെ 14,332 വോട്ടിനായിരുന്നു നായനാര്‍ അടിയറവ് പറയിച്ചത്. 1996ല്‍ കെ പി സതീഷ് ചന്ദ്രന്‍ കോ ണ്‍ഗ്രസിലെ സോണി സെബാസ്റ്റ്യനെ 15748 വോട്ടിന് തോല്‍പ്പിച്ചു.
2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സതീഷ് ചന്ദ്രന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. കരിമ്പില്‍ കൃഷ്ണനെ 17,009 വോട്ടിനാണ് അന്ന് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ കുഞ്ഞിരാമന്‍ 2006 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് തൃക്കരിപ്പൂരിലുണ്ടായത്. 23,828 വോട്ട്. 2011ല്‍ കെ കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ കെ വി ഗംഗാധരനെ തോല്‍പ്പിച്ചത് 8765 വോട്ടിനാണ്. എല്‍ഡിഎഫിന് 67,871 വോട്ടും യുഡിഎഫ് 59,106 വോട്ടും നേടി. ബിജെപിക്ക് 5456 വോട്ടാണ് ലഭിച്ചത്. 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 72,656 വോട്ടാണ് കിട്ടിയത്. 67,367 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ ബിജെപി 11,035 വോട്ടും നേടി. 5289 വോട്ടാണ് എല്‍ഡിഎഫിന് കൂടുതലുള്ളത്.
1977ലാണ് അതുവരെ നീലേശ്വരം ദ്വയാംഗമണ്ഡലത്തിന്റെ ഭാഗമായിരുന്ന തൃക്കരിപ്പൂര്‍ പ്രത്യേക നിയോജക മണ്ഡലമായത്. കണ്ണൂര്‍ ജില്ലയില്‍ പെട്ട കരിവെള്ളൂര്‍ പെരളം, കാങ്കോല്‍ ആലപ്പടമ്പ് എന്നീ പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു 2011 വരെ ഈ മണ്ഡലം.പുനര്‍വിഭജനത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജില്ലയില്‍ മാത്രം ഉള്‍പ്പെടുന്നതായി. നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍ പഞ്ചായത്തും ഹൊസ്ദുര്‍ഗില്‍ നിന്ന് മാറ്റി തൃക്കരിപ്പൂരില്‍ പെടുത്തുകയായിരുന്നു.
തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് ഇപ്പോള്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതില്‍ നഗരസഭയുടെയും നാല് പഞ്ചായത്തുകളുടെയും ഭരണം എല്‍ഡിഎഫ് നേടി.
കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം ഈ മണ്ഡലത്തില്‍ 1,88,531 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 88,543 പുരുഷന്മാരും 99,988 സ്ത്രീകളുമാണുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറല്‍ സെക്രട്ടറിയും ഈ മണ്ഡലത്തില്‍ സുപരിചിതനുമായ കെ പി കുഞ്ഞിക്കണ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it