kasaragod local

തൃക്കരിപ്പൂരില്‍ എം രാജഗോപാല്‍: യുഡിഎഫ് വി എസ് ജോയിയെ പരിഗണിക്കുന്നു

തൃക്കരിപ്പൂര്‍: മണ്ഡലം രൂപീകരണത്തിന് ശേഷം സിപിഎമ്മിന്റെ കുത്തകയായ തൃക്കരിപ്പൂര്‍ മണ്ഡത്തില്‍ ഇപ്രാവശ്യം മല്‍സരം തീപാറും. സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ക്ക് വിജയം ഒരുക്കികൊടുത്ത തൃക്കരിപ്പൂര്‍ മണ്ഡലം 1977ലാണ് രൂപീകൃതമായത്. നീലേശ്വരം ദ്വയാംഗ മണ്ഡലം വിഭജിച്ചാണ് തൃക്കരിപ്പൂര്‍ മണ്ഡലം രൂപീകരിച്ചത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കരുണാകരനാണ് ഈ മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. മണ്ഡലം രൂപീകരണത്തിന് ശേഷം സിപിഎമ്മല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല.
2006 മുതല്‍ കെ കുഞ്ഞിരാമനാണ് മണ്ഡലത്തിന്റെ എംഎല്‍എ. 95 മുതല്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ കെ കുഞ്ഞിരാമന്‍ 8765 വോട്ടുകളുട ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ കെ വി ഗംഗാധരനോട് വിജയിച്ചത്. കുഞ്ഞിരാമന്‍ 67871 വോട്ടും കെ വി ഗംഗാധരന് 59106 വോട്ടുമാണ് ലഭിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകളുടെ വ്യത്യാസം 3451ആയി ചുരുങ്ങി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളുമുള്ള വോട്ടുകളുടെ വ്യത്യാസം ആയിരത്തിലധികമാണ്.
2006ല്‍ കെ കുഞ്ഞിരാമന്‍ 23828 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫിന് ലഭിച്ചു. കയ്യൂര്‍ ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, നീലേശ്വരം നഗരസഭ എന്നിവ എല്‍ഡിഎഫിനും ഈസ്റ്റ് എളേരി പഞ്ചായത്ത് കോണ്‍ഗ്രസ് വിമതരായ ഡിഡിഎഫും നേടി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയിലെ അബ്ദുര്‍റസാഖ് പറമ്പത്ത് 1741 വോട്ടുകള്‍ നേടിയിരുന്നു. എസ്ഡിപിഐക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണിത്. നിലവിലുള്ള സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കയ്യൂര്‍ സ്വദേശിയുമായ എം രാജഗോപാലാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. യുഡിഎഫ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയെയാണ് പരിഗണിക്കുന്നത്. പ്രാദേശികമായി പേരുകള്‍ ഉയരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് പൊതുസ്വീകാര്യനായ സംസ്ഥാന നേതാവിനെ രംഗത്തിറക്കാനാണ് കെപിസിസി തീരുമാനം. ഈ സാഹചര്യത്തിലാണ് മലയോര കുടിയേറ്റ മേഖല ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ വി എസ് ജോയിയെ പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍ ഈ സീറ്റില്‍ കണ്ണുംനട്ട് ചരട് വലിച്ചെങ്കിലും പാര്‍ട്ടി പഴയ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കൂടിയായ എം രാജഗോപാലിനെ ഏകകണ്ഠമായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച രാധാകൃഷ്ണന് കഴിഞ്ഞ തവണ 5450 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മണ്ഡലം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it