തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്; ശാശ്വതീകാനന്ദയെ മര്‍ദ്ദിക്കാന്‍ തുഷാറിനെ സഹായിച്ചത് ഷാജി വെട്ടൂരാന്‍

 ചേര്‍ത്തല: ദുബയില്‍ വച്ച് തുഷാര്‍ വെള്ളാപ്പള്ളിക്കു തല്ലാനായി ശാശ്വതീകാനന്ദസ്വാമിയെ പിടിച്ചു നിര്‍ത്തിക്കൊടുത്തത് ഷാജി വെട്ടൂരാന്‍ ആണെന്ന പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജയില്‍മോചിതരായ ജനാധിപത്യവേദി പ്രവര്‍ത്തകര്‍ക്കു നല്‍കിയ ജനകീയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജു രമേശ്. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സ്വരൂപിച്ച 40 കോടി രൂപയും മറുനാടന്‍ മലയാളിയില്‍ നിന്ന് സുനാമി ദുരിതാശ്വാസ നിധിയിലേക്കു കണ്ടെത്തിയ ആറ് കോടി രൂപയും ശാശ്വതീകാനന്ദ സ്വാമി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിരുന്നു. ദുബയില്‍ വച്ച് ഈ പണം ചോദിച്ചപ്പോള്‍ വെള്ളാപ്പള്ളി കൈമലര്‍ത്തി. ഇതോടെയാണ് ഇവര്‍ തമ്മില്‍ തെറ്റിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയെ ഇരുത്താമെങ്കില്‍ ഇറക്കാനും തനിക്കറിയാമെന്ന് സ്വാമി വെല്ലുവിളിച്ചിരുന്നു. പിതാവുമായി സ്വാമി സാമ്പത്തിക കാര്യത്തില്‍ ഇടഞ്ഞെന്ന കാരണത്താലാണ് പിറ്റേന്ന് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ചത്. ഈ സമയം സ്വാമിയെ പിടിച്ചു നിര്‍ത്തിക്കൊടുത്തത് ഷാജി വെട്ടൂരാനാണെന്നാണ് ബിജു രമേശ് പറയുന്നത്. തുടര്‍ന്ന് കേരളത്തിലെത്തിയ സ്വാമിയെ നാലാംദിവസം വെള്ളാപ്പള്ളിയുടെ ഗുണ്ടകള്‍ കൊന്നുകളയുകയായിരുന്നു. കേരളാ കോണ്‍ഗ്രസ്സി(എം)ന് എസ്എന്‍ഡിപി യോഗത്തെ അടിയറവച്ചിരിക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു. കണിച്ചുകുളങ്ങര ചന്തയ്ക്കു സമീപം നടന്ന സമ്മേളനം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വേദി പ്രസിഡന്റ് സി എസ് ഋഷി ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it