Middlepiece

തുറമുഖനഗരത്തിന്റെ സല്‍കീര്‍ത്തികള്‍?

തുറമുഖനഗരത്തിന്റെ സല്‍കീര്‍ത്തികള്‍?
X
slug-vettum-thiruthumസത്യസന്ധതയ്ക്കു പേരുകേട്ട മറ്റൊരു തുറമുഖനഗരം കോഴിക്കോടല്ലാതെ കേരളത്തില്‍ വേറൊന്നില്ല. കോഴിക്കോട്ട് ഒന്നും രണ്ടുമല്ല, ഫിഷിങ് ഹാര്‍ബറുകളടക്കം നിരവധി തുറമുഖ ചെറുപട്ടണങ്ങളുണ്ട്. കൊയിലാണ്ടിക്കടുത്ത് പാറപ്പള്ളി, വടകരയിലെ ചോമ്പാല, ചാലിയം, ബേപ്പൂര്‍ തുടങ്ങി സത്യസന്ധര്‍ക്ക് തുറമുഖങ്ങള്‍ ഏറെ. ഈ പ്രദേശങ്ങളൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് പ്രദേശവാസികളുടെ സത്യസന്ധതയുടെ പേരിലാണ്. വളയനാട് ക്ഷേത്രവും സാമൂതിരി കോവിലകവുമൊക്കെ സത്യസന്ധത എന്ന ഒറ്റക്കാര്യത്തിലാണ് വിദേശികളുടെ ചരിത്രഗ്രന്ഥസൂക്ഷിപ്പുകളുള്ള അലമാരകളില്‍ പൂജിക്കപ്പെടുന്നത്.
ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഒരുനാള്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു വിദേശിയെ പരിചയപ്പെട്ടു. ഫിന്‍ലന്‍ഡില്‍ നിന്നെത്തിയ നടനാണു കക്ഷി. ഗൈഡ് മുഖാന്തരം സംസാരിച്ചപ്പോള്‍, കോഴിക്കോട്ടാണ് ഞാന്‍ സ്ഥിരതാമസം എന്നറിഞ്ഞ ഫിന്‍ലന്‍ഡുകാരന്‍ എന്നെ അസൂയയോടെ വാരിപ്പുണര്‍ന്നു. കോഴിക്കോടിനെക്കുറിച്ച് അയാള്‍ കേട്ടതൊക്കെയും അത്രയ്ക്കു സത്യസന്ധമായ കാര്യങ്ങളാണ്. അറബി വ്യാപാരി സൂക്ഷിക്കാനേല്‍പിച്ച സ്വര്‍ണനാണയം നിറച്ച ഭരണിക്കഥയടക്കം നൂറുനൂറു കഥകളാണ് കോഴിക്കോടിനെപ്പറ്റി വിദേശികള്‍ക്ക് ഓര്‍ക്കാനുള്ളത്. മുത്തച്ഛന്‍മാര്‍ പറഞ്ഞുകൊടുത്ത കഥകള്‍. കോഴിക്കോട്ടെ 'കോയ'മാരെന്നത് ആശ്രിതവല്‍സലരും അഭിമാനികളും എന്നതു മാത്രമല്ല, ദയയുടെ പര്യായങ്ങളുമാണവര്‍. പോര്‍ച്ചുഗീസ് വാഴ്ചക്കാലത്തും സാമൂതിരിവാഴ്ചയിലും കോയമാര്‍ വിശ്വസ്തരെന്ന നിലയ്ക്കു മാത്രമല്ല 'ദേശാഭിമാനി'കളുമായിരുന്നു.
കുഞ്ഞാലിമരയ്ക്കാന്മാരുടെ കഥകളൊന്നും ആരും കൊട്ടിപ്പാടിയുണ്ടാക്കിയ തച്ചോളിപ്പാട്ടുകളല്ല. ശൂരന്‍മാരായിരുന്നു കോഴിക്കോട്ടെ മുസ്‌ലിംസമൂഹം. സല്‍ക്കാരവും ദീനദയാലുത്വവും കോഴിക്കോട്ടുകാരില്‍ ആരും എഴുതിപ്പിടിപ്പിച്ചുണ്ടാക്കിയതല്ല. എല്ലാം സത്യം. കോഴിക്കോട്ട് താവളമുണ്ടാക്കാന്‍ നാനാജാതി മതസ്ഥര്‍ എന്നും ആഗ്രഹിച്ചു. കലാ-സാംസ്‌കാരിക രംഗങ്ങളിലൊക്കെ ഇന്ന് ആദരിക്കപ്പെടുന്നവരില്‍ വ്യക്തമായ മേല്‍വിലാസമുള്ളവര്‍ നല്ലൊരുവിഭാഗം കോഴിക്കോട് സ്വദേശികളല്ല; കൂടല്ലൂരില്‍നിന്ന് എംടി, തിക്കോടിയില്‍നിന്ന് കുഞ്ഞനന്തന്‍, മഞ്ചേരിയില്‍നിന്ന് കെടി, പരപ്പനങ്ങാടിയില്‍നിന്ന് എന്‍പി, അത്തോളിയിലെ ദരിദ്ര പശ്ചാത്തലത്തില്‍നിന്ന് സി എച്ച് മുഹമ്മദ്‌കോയ- ഈ ലിസ്റ്റ് ഇനിയും എത്രയോ നീട്ടാം. കൊടുങ്ങല്ലൂര്‍ അഴീക്കോട്ടുനിന്ന് ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്റെ കോഴിക്കോട്ടെ സ്ഥിരവാസവും ആ ജീവിതവുമാണ് പില്‍ക്കാലത്ത് ഈ ദേശം ഇന്നീമട്ടില്‍ അടയാളപ്പെടുത്തപ്പെട്ടതിന്റെ വലിയൊരു വ്യക്തിമേല്‍വിലാസം.
ഇന്നും കോഴിക്കോടിന് പുറംനാടുകളില്‍ നല്ല വിലാസമാണ്. ഊണിന്റെ ഉപദംശമായ മുളകിട്ട കറിയായാലും മധുരപലഹാരമായാലും മര ഉരുപ്പടിയായാലും കോഴിക്കോടനാണോ അതിന് അന്യദേശക്കാര്‍ നൂറില്‍ നൂറു മാര്‍ക്കും നല്‍കും. ഇന്ന് 'നല്ല കോഴിക്കോട്ടുകാരന്‍' എന്നൊക്കെ വിശേഷിപ്പിച്ച് രാഷ്ട്രീയക്കാരന്‍ സമ്മതിദാനാവകാശം ചോദിച്ച് ബഹുവര്‍ണ പോസ്റ്ററുകളടിക്കുമ്പോള്‍ ഒരുനിമിഷം ചിന്തിക്കണം. പുസ്തകപ്രസാധനത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരും ഓട്ടോറിക്ഷക്കാരെ 'നന്മ'യുടെ കാവലാളന്‍മാരെന്നു വിശേഷിപ്പിക്കുന്നവരുമടക്കം എസ് കെ പൊറ്റക്കാട് അവാര്‍ഡ്ദാനക്കാരും കോഴിക്കോടിന്റെ പഴയകാല പെരുമകള്‍ തങ്ങളാലാവുംവിധം കാത്തുസൂക്ഷിക്കുന്നുണ്ടോ? യഥാര്‍ഥ കോഴിക്കോടന്‍ ഹല്‍വ ഇന്നുണ്ടോ? 5,000 കോപ്പി അടിച്ച് പാവം എഴുത്തുകാരനെ 250 ക നല്‍കി പ്രസാധകന്‍ പറ്റിക്കുന്നുണ്ടോ? രാഷ്ട്രീയലേബലില്‍ മന്ത്രി-എംപി കുപ്പായമണിഞ്ഞ് അഴിമതിനടത്തിയിട്ടുണ്ടോ? അപരിചിതനായ യാത്രക്കാരനില്‍നിന്ന് നൂറും ഇരുനൂറും രണ്ട് കിലോമീറ്റര്‍ യാത്രയ്ക്ക് രാത്രി 10 മണി കഴിഞ്ഞാല്‍ ഓട്ടോഡ്രൈവര്‍ പിടുങ്ങാറുണ്ടോ? ലക്ഷം പിരിപ്പിച്ച് 5000 ക അവാര്‍ഡും നല്‍കി ചെലവു കഴിച്ച് 60,000 കീശയിലാക്കാറുണ്ടോ? പുസ്തകം അച്ചടിക്കാമെന്നു മോഹിപ്പിച്ച് പാവം ഗള്‍ഫ് എഴുത്തുകാരില്‍നിന്ന് അറബ് ലിപി അച്ചടിച്ച സ്വര്‍ണനാണയങ്ങള്‍ അടിച്ചുമാറ്റാറുണ്ടോ? കുഴല്‍പ്പണവേട്ടയും കള്ളസ്വര്‍ണ ഇടപാടും ഇന്നു പൊടിപൂരമല്ലേ ഈ തുറമുഖനഗരത്തില്‍? സീരിയലുകളുടെയും റിയാലിറ്റി ഷോയുടെയും മറവില്‍ നല്ലതൊക്കെയാണോ കേള്‍ക്കുന്നത്? കഞ്ചാവിനും ലഹരിമരുന്നിനും കോഴിക്കോട് കുപ്രസിദ്ധമല്ലേ ഇക്കാലം? ചിന്തിക്കുന്നവര്‍ ഉത്തരം ചികയുക.
Next Story

RELATED STORIES

Share it